

ഒയോയുടെ മാതൃകമ്പനിയായ പ്രിസത്തിന്റെ ഓഹരിവിപണി പ്രവേശനത്തിന് അംഗീകാരം നൽകി സെബി. കഴിഞ്ഞ ദിവസമാണ് സെബി കമ്പനിക്ക് പ്രാരംഭ പബ്ലിക് ഓഫറിങ്ങിനായി അനുമതി നൽകിയത്. ഇതോടെ നീണ്ടകാലത്തെ പ്രിസത്തിന്റെ ശ്രമങ്ങളാണ് ഫലം കണ്ടത്. 2025 ഡിസംബറിലാണ് കമ്പനി സെബിയുടെ മുൻപാകെ തങ്ങളുടെ ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രോസ്പെക്ടസ് സമർപ്പിച്ചത്. എഐപിഒയ്ക്ക് മുൻപ് സെബിക്ക് നൽകേണ്ട രേഖയാണ് ഇത്.
നിക്ഷേപകരുടെ അറിവിലേക്കായി കമ്പനിയെക്കുറിച്ചുള്ള സകല വിവരങ്ങളും അടങ്ങുന്ന രേഖയാണ് ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രോസ്പെക്ടസ്. ഷെയറുകൾ ഇഷ്യൂ ചെയ്യുന്നത് വഴി 6650 കോടി രൂപ കണ്ടെത്താനാണ് പ്രിസത്തിന്റെ ശ്രമം. നിലവിൽ വിപണിയുടെ സാധ്യതകളും മറ്റും നിരീക്ഷിച്ച് വരികയാണ് കമ്പനി. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഒയോയുടെ മൂല്യം ഏഴ് മുതൽ എട്ട് ബില്യൺ ഡോളർ വരെയാകും എന്നാണ് കരുതപ്പെടുന്നത്.
ആക്സിസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർകെറ്റ്സ് ഇന്ത്യ, ഗോൾഡ്മാൻ സാക്‌സ് സെക്യൂരിറ്റിസ്, ഐസിഐസിഐ സെക്യൂരിറ്റിസ്, എസ്ബിഐ ക്യാപിറ്റൽ മാർകറ്റ്സ്, ജെഎം ഫിനാൻഷ്യൽ, ഇൻക്രെട് ക്യാപിറ്റൽ, ഇന്റെൻസീവ് ഫിസ്കൽ സർവീസസ് എന്നിവരെ തങ്ങളുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരായി നിയമിച്ചിട്ടുണ്ട്.
ഐപിഒ തയാറെടുപ്പുകളുടെ ഭാഗമായി പ്രിസം തങ്ങളുടെ പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രോസ്പെക്ടസ് ജൂലൈയിൽ സബ്മിറ്റ് ചെയ്യുമെന്നാണ് വിവരം. വിപണി അരങ്ങേറ്റത്തിന് മുൻപായി 21 ദിവസത്തേക്ക് ഈ രേഖകൾ എല്ലാം പൊതുജനത്തിന് ലഭ്യമാകും. കമ്പനിയുടെ വിശദമായ സാമ്പത്തിക, പ്രവർത്തന വിവരങ്ങൾ എല്ലാം വെളിപ്പെടുത്താതെയുള്ള രഹസ്യ ഫയലിംഗ് മാർഗമാണ് ഒയോ തിരഞ്ഞെടുത്തത്.
Content Highlights: SEBI has approved the IPO proposal of Prism, the parent company of OYO, paving the way for its long-awaited stock market debut. The approval marks a significant milestone for the company after multiple attempts to enter the capital market.