

ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ വര്‍ധിക്കുന്നതായി ടാറ്റ മോട്ടോര്‍സ്. ചെറുകാറുകളുടെ വിഭാഗത്തില്‍ പെട്രോള്‍ വാഹനങ്ങളില്‍നിന്ന് ഇവികളിലേക്കുള്ള മാറല്‍ വേഗത്തിലായതോടെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയുടെ ഇവി ബുക്കിങ്ങുകള്‍ ഏകദേശം 2.5 മടങ്ങ് ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം ഉപഭോക്താക്കളുടെ താല്‍പര്യത്തില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര പറയുന്നു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധന കാരണം ചെറിയ കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോള്‍ ഇവികളും സിഎന്‍ജി വാഹനങ്ങളും കൂടുതല്‍ പരിഗണിക്കുകയാണ്.
ഇതിനിടെ കമ്പനി പുതിയ തലമുറ ടാറ്റ ടിയാഗോ ഇവി പുറത്തിറക്കാനൊരുങ്ങുകയാണ്. വാഹനം നാല് മുതല്‍ അഞ്ച് വര്‍ഷത്തിനകം ഇന്ധന ലാഭത്തിലൂടെ മുടക്കിയ ചെലവ് തിരികെ നല്‍കുമെന്ന അവകാശവാദത്തോടെയാണ് കമ്പനി വിപണിയിലെ മത്സരം ശക്തമാക്കുന്നത്. നിലവിലുള്ള 75,000ത്തിലധികം ടിയാഗോ ഇവി ഉപഭോക്താക്കളുടെ ഡ്രൈവിങ് ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ മുന്നോട്ടുവെക്കുന്നതെന്ന് കമ്പനി അറിയിച്ചു.
നിലവില്‍ രാജ്യത്തെ വാഹന വിപണിയില്‍ ഇവി സാന്നിധ്യം ഏകദേശം 5-6 ശതമാനമാണെങ്കിലും, ആവശ്യത്തിന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇത് 8-10 ശതമാനം വരെ ഉയരാമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിലയിരുത്തല്‍. നിലവില്‍ പ്രതിമാസം 9,000 മുതല്‍ 10,000 വരെ ഇവികള്‍ നിര്‍മിക്കുന്ന കമ്പനി അടുത്ത മൂന്ന് മുതല്‍ നാല് മാസത്തിനകം ഉല്‍പാദന ശേഷി 15,000 യൂണിറ്റായി ഉയര്‍ത്താനും പദ്ധതിയിടുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും അതിനെ തുടര്‍ന്നുണ്ടായ ഇന്ധനവില വര്‍ധനയും ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായി ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടുതല്‍ ഉപഭോക്താക്കള്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗമായി ഇവികളിലേക്ക് മാറുന്നതോടെ, രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വളരാനിടയുണ്ടെന്നാണ് സൂചന.
Content Highlights: Tata Motors is witnessing a surge in electric vehicle demand as rising fuel prices and inflation concerns push more consumers towards lower running-cost mobility options, particularly in the affordable passenger vehicle segment.