

തലമുറകളായി ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് മലയാളിക്ക് സ്വർണമെന്നത് വെറുമൊരു നിക്ഷേപമല്ല, മറിച്ച് അതിന് ഒരു വൈകാരിക വശം കൂടിയുണ്ട്. എന്നാൽ, സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ഈ സാഹചര്യത്തിൽ, സ്വർണത്തെ നോക്കിക്കാണുന്ന രീതിയിൽ വലിയൊരു മാറ്റത്തിന് സമയമായി എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കയ്യിലുള്ള സ്വർണം വെറുതെ ലോക്കറിൽ പൂട്ടിയിടാതെ, അതിനെ എങ്ങനെ കൂടുതൽ ലാഭകരമായ വരുമാനമാർഗ്ഗമാക്കി മാറ്റാമെന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്.
ആഗോളതലത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം പ്രതിവർഷം 600 മുതൽ 800 ടൺ വരെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പശ്ചാത്തലത്തിലേക്ക് എത്തിയപ്പോഴാണ് സ്വർണം വാങ്ങുന്നത് താൽക്കാലികമായി ഒരു വർഷത്തേക്ക് എങ്കിലും കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തുകയും ചെയ്തു.
ഇന്ത്യൻ സ്ത്രീകൾക്ക് സ്വർണത്തോടുള്ള വൈകാരിക ബന്ധം വലുതാണെങ്കിലും, ഈ സമ്പാദ്യം പലപ്പോഴും ലോക്കറുകളിൽ 'ഡെഡ് അസറ്റ്' അഥവാ നിഷ്ക്രിയമായി കിടക്കുകയാണെന്ന് പ്രമുഖ ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമായ 'Lxme'-ന്റെ സ്ഥാപക പ്രീതി രാതി ഗുപ്ത പറയുന്നു. "സ്വർണത്തിന്റെ മൂല്യം സ്ത്രീകൾക്ക് നന്നായി അറിയാം. എന്നാൽ പണം വെറുതെ ലോക്കറിൽ ഇടാതെ, കൃത്യമായ പണപ്പെരുപ്പത്തെ മറികടക്കുന്ന മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാൻ അവർ തയ്യാറാകണം. ഉപയോഗിക്കാത്ത പഴയ ആഭരണങ്ങൾ വിൽക്കുകയോ, ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇ ടി എഫ് (ETF), സോവറിൻ ഗോൾഡ് ബോണ്ട് (SGB) തുടങ്ങിയ സ്മാർട്ട് വഴികളിലേക്ക് മാറാനോ ശ്രദ്ധിക്കണം," അവർ വ്യക്തമാക്കി.
സ്വർണവില കുതിച്ചുയർന്നു നിൽക്കുന്ന ഈ സമയത്ത്, കൂടുതൽ സ്വർണം വാരിക്കൂട്ടുന്നതിന് പകരം കയ്യിലുള്ളതിന്റെ ചെറിയൊരു ഭാഗം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകർ തയ്യാറാകണമെന്ന് ആനന്ദ് രാതി വെൽത്ത് ജോയിന്റ് സിഇഒ ഫിറോസ് അസീസും നിർദ്ദേശിക്കുന്നു. നമ്മൾ ഓഹരി വിപണിയിൽ വില കൂടുമ്പോൾ ലാഭമെടുക്കാറുള്ളത് പോലെ സ്വർണത്തിലും ഇത് പരീക്ഷിക്കാം. ഇന്ത്യൻ കുടുംബങ്ങളുടെ പക്കലുള്ള സ്വർണത്തിന്റെ വെറും 2 മുതൽ 4 ശതമാനം വരെ വിപണിയിൽ ഇറക്കിയാൽ തന്നെ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനും വിദേശ നിക്ഷേപകരുടെ (FII) പിന്മാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനും ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ സ്വർണം തരുന്ന റിട്ടേൺസ് ഏകദേശം 8.5 ശതമാനം മാത്രമാണ്. എന്നാൽ ഇതിനേക്കാൾ സുരക്ഷിതവും ലാഭകരവുമായ മറ്റ് ഒട്ടനവധി നിക്ഷേപങ്ങൾ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന്, പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജനയിലൂടെ നികുതി രഹിതമായി 8.25 ശതമാനം വരെ റിട്ടേൺസ് സ്വന്തമാക്കാം.
പുതിയ തലമുറയിലെ നിക്ഷേപകർ, പ്രത്യേകിച്ച് യുവതികൾ പരമ്പരാഗതമായി സ്വർണം വാങ്ങി വെക്കുന്നതിനേക്കാൾ മുൻഗണന നൽകുന്നത് പണലഭ്യതയ്ക്കും , ഫ്ലെക്സിബിലിറ്റിക്കും, വലിയ വളർച്ചയ്ക്കുമൊക്കെയാണ്. സ്വർണത്തിന് അതിന്റെതായ സാംസ്കാരിക പ്രാധാന്യമുണ്ടെങ്കിലും ഒരൊറ്റ നിക്ഷേപത്തിൽ മാത്രം പണമൊഴുക്കാതെ മ്യൂച്വൽ ഫണ്ടുകൾ, എസ്‌ഐപി , ഇക്വിറ്റികൾ എന്നിവയുൾപ്പെടുന്ന വൈവിധ്യമാർന്ന ) ഒരു പോർട്ട്ഫോളിയോ നിർമ്മിക്കുന്നതാണ് ബുദ്ധിയെന്ന് വിദഗ്ദ്ധർ അടിവരയിടുന്നു. ചുരുക്കത്തിൽ, വികാരപരമായ സമ്പാദ്യ ശീലത്തിൽ നിന്നും തന്ത്രപരമായ നിക്ഷേപ ശീലത്തിലേക്ക് മാറാൻ മലയാളി തയ്യാറെടുക്കേണ്ട സമയമാണിത്.
Content Highlights: With gold prices remaining high, many investors are considering selling old or unused gold jewellery and shifting the money into other investment options. Experts say the current market could provide an opportunity to diversify portfolios and explore assets with better long-term growth potential.