എല്‍പിജി സിലിന്‍ഡറിന് 'ഇല്ലാത്ത സബ്‌സിഡി' നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക്താക്കള്‍

പാചകവാതക സബ്സിഡി ലഭിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് 2020 മുതല്‍ സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്നില്ല

എല്‍പിജി സിലിന്‍ഡറിന് 'ഇല്ലാത്ത സബ്‌സിഡി' നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക്താക്കള്‍
dot image

കഴിഞ്ഞ ആറു വര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്‌സിഡി നല്‍കാതിരിക്കുന്നതിനിടെ, സബ്‌സിഡി നിര്‍ത്തലാക്കുമെന്നു കാണിച്ച് ഉപയോക്താക്കള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം. 'ആദായനികുതി രേഖ പ്രകാരം നിങ്ങളുടെ നികുതിവിധേയമായ വരുമാനം 10 ലക്ഷം രൂപയെന്ന പരിധി കടന്നിരിക്കുന്നു. ഇതില്‍ തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏഴുദിവസത്തിനകം പരാതിപ്പെടാം. നിശ്ചിതസമയത്തിനകം പ്രതികരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാചകവാതക സബ്‌സിഡി ഇനിമുതല്‍ നിര്‍ത്തലാക്കിയേക്കാം.' എല്‍പിജി ഉപഭോക്താക്കളില്‍ ചിലര്‍ക്ക് ഓയില്‍ കമ്പനികളില്‍നിന്ന് കഴിഞ്ഞ ദിവസംലഭിച്ച സന്ദേശമാണിത്.

മെസേജിനൊപ്പം ഓയില്‍ കമ്പനികളെ ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറും പ്രതികരണം അറിയിക്കാനുള്ള പോര്‍ട്ടല്‍ ലിങ്കും ചേര്‍ത്തിട്ടുണ്ട്. പാചകവാതക സബ്സിഡി ലഭിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് 2020 മുതല്‍ സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്നില്ല. അതിനിടെയാണ് ഇത്തരമൊരു സന്ദേശം വരുന്നതെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 10 കോടി ഉപഭോക്താക്കള്‍ക്കു മാത്രമാണ് നിലവില്‍ 300 രൂപ സബ്സിഡി ലഭിക്കുന്നത്.

10 ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരെ എല്‍പിജി സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയുള്ള 2015ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സന്ദേശം അയക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പ്രതികരണത്തിന് അവര്‍ തയ്യാറാകുന്നില്ല. എണ്ണക്കമ്പനികളുടെ സന്ദേശം ഉപയോക്താക്കളില്‍ ആശങ്കയെക്കാളേറെ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങളായി നിര്‍ത്തലാക്കിയ സബ്സിഡിയുടെ പേരില്‍ ജനത്തെ കളിയാക്കുകയാണോ എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.

തങ്ങളുടെ ആദായ നികുതി വിവരം എങ്ങനെ ഓയില്‍ കമ്പനികളിലേക്ക് എത്തിയെന്ന ആശങ്കയും ഉപഭോക്താക്കള്‍ പങ്കുവെക്കുന്നു. സബ്സിഡിയുള്ള പാചക വാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡി തുക 'പൂജ്യ'മായി മാറിയതെന്നായിരുന്നു 2020ല്‍ കമ്പനികള്‍ വിശദീകരണം നല്‍കിയത്. ഇപ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും സബ്സിഡിയില്ലാതെയാണ് പാചകവാതകം ലഭിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്ത് എല്‍പിജി പ്രതിസന്ധി രൂക്ഷമാണ്. പുതിയ കണക്ഷന്‍ നല്‍കാനും ബുക്കിങ്ങിനുള്ള ഇടവേളയ്ക്കും കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: State-run oil marketing companies (OMCs) have started yet another drive to reduce their subsidy burden by messaging cooking gas consumers about their annual income, with the aim of discontinuing their subsidies.

dot image
To advertise here,contact us
dot image