ഈ പഞ്ചാബിന് ഇതെന്തുപറ്റി? തുടര്‍ച്ചയായ നാലാം തോല്‍വിയോടെ പതറി പഞ്ചാബ് കിങ്‌സ്; പ്ലേ ഓഫിലെത്തുമോ?

ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത് മൂന്നുവിക്കറ്റിന്, പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം അനിവാര്യം

ഈ പഞ്ചാബിന് ഇതെന്തുപറ്റി? തുടര്‍ച്ചയായ നാലാം തോല്‍വിയോടെ പതറി പഞ്ചാബ് കിങ്‌സ്; പ്ലേ ഓഫിലെത്തുമോ?
dot image

തുടര്‍ച്ചയായ ജയങ്ങളോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വലിയ ചര്‍ച്ചയായിരുന്നു പഞ്ചാബ് കിങ്‌സ്. ഇത്തവണ കപ്പടിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചുപറഞ്ഞ ടീം. കിരീടമില്ലാത്ത ടീമെന്ന ചീത്തപ്പേര് മായ്ച്ച് കളയുമെന്നും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചു. പക്ഷെ, ഇപ്പോള്‍ പഞ്ചാബ് കിങ്‌സ് തുടര്‍ത്തോല്‍വികളാല്‍ പതറുകയാണ്. തുടര്‍ച്ചയായ ഏഴുമത്സരങ്ങള്‍ തോല്‍വിയറിയാതെയാണ് കളിച്ചതെങ്കില്‍ പിന്നീട് തുടര്‍ച്ചയായ നാലുമത്സരങ്ങളില്‍ തോല്‍വികളുടെ പരമ്പര തന്നെയാണ് ഉണ്ടായത്. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനോടും പിന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കഴിഞ്ഞദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോറ്റു. ഇതോടെ വലിയ സമ്മര്‍ദ്ദത്തിലുമാണ് പഞ്ചാബ് സംഘം.

നിലവില്‍ 11 കളിയില്‍ ആറുജയവും നാലുതോല്‍വിയും ഒരു സമനിലയുമായി 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. ഡല്‍ഹിക്കെതിരെ ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താമായിരുന്നു. പ്ലേ ഓഫിലേക്കെത്താന്‍ ഇത് പഞ്ചാബിന് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ തോല്‍വിയോടെ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകളിലും മങ്ങലേറ്റിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പിന്നാലെയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബിനെ തോല്‍പ്പിച്ചതോടെ അവര്‍ക്കും നേരിയ സാധ്യത വര്‍ധിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും നേരിയ സാധ്യതയുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മാത്രമാണ് ഐപിഎലില്‍നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായത്.

പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും പഞ്ചാബിന് ജയിക്കേണ്ട സാഹചര്യമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ വ്യാഴാഴ്ചയാണ് അടുത്ത കളി. ശേഷം മേയ് 17ന് ആര്‍സിബിക്കെതിരെയും 23ന് ലഖ്‌നൗവിനെതിരെയുമാണ് കളി. മൂന്നുമത്സവും ജയിച്ചാല്‍ 19 പോയിന്റ് നേടാന്‍ ടീമിനാകും. പഞ്ചാബിന് ഇനിയുള്ള മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍പ്പോലും പ്ലേ ഓഫ് സാധ്യത കുറയും. ചെന്നൈയും രാജസ്ഥാനും വിജയിച്ചുകയറിയാല്‍ ഈ സീസണില്‍ മികച്ച മുന്നേറ്റം നടത്തിയ ടീമിന് പുറത്തേക്കുള്ള വഴിയൊരുങ്ങും.

content highlights: What happened to Punjab? Punjab Kings struggle after fourth consecutive defeat; will they reach the playoffs?

dot image
To advertise here,contact us
dot image