

ആഗോള ഓയില്‍ റിസര്‍വ് അപകടകരമാം വിധം താഴുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡ് റിസര്‍വുള്ളത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് പല രാജ്യങ്ങളിലും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ഇന്ത്യയിലും ക്രൂഡ് ഓയില്‍ ശേഖരം കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും, പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സ്ഥിതിഗതികളുടെ വ്യാപ്തി എത്രത്തോളമാണെന്ന് തെളിയിക്കുകയാണ്.
അതേ സമയം രാജ്യത്ത് ആവശ്യത്തിനുള്ള റിസര്‍വുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 2026 ഫെബ്രുവരി 28ാം തിയ്യതിയാണ് ഇസ്രായേലും യുഎസും ഇറാനുമായി യുദ്ധം ആരംഭിച്ചത്. രണ്ടര മാസം പിന്നിടുമ്പോഴും യുദ്ധം തുടരുന്നത് ലോകമെങ്ങും വലിയ ആശങ്കകള്‍ക്കാണ് കാരണമായിരിക്കുന്നത്.
ഇതിനിടെ സൗദി അരാംകോ സിഇഒയുടെ വാക്കുകളും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ തുടര്‍ച്ചയായി തടസ്സമുണ്ടാകുന്നത് 2027ല്‍ ആഗോള ഊര്‍ജ്ജ വിപണിയെ സ്വാധീനിക്കുമെന്ന് കമ്പനി മേധാവി ആമിന്‍ നാസെര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ 2027ല്‍ പോലും സ്ഥിതി ഗതികള്‍ സാധാരണ സ്ഥിതിയിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറന്നാല്‍ പോലും, വിതരണത്തിലെ തടസ്സങ്ങള്‍ മൂലം എണ്ണ വിപണി പൂര്‍വ സ്ഥിതിയിലാവാന്‍ മാസങ്ങളെടുക്കും. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 ഫെബ്രുവരിയില്‍ 105 ദിവസത്തേക്കുള്ള ആഗോള കരുതല്‍ ശേഖരമാണ് ഉണ്ടായിരുന്നത്. ഇത് നിലവില്‍ 101 ദിവസം എന്ന തോതിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോയാല്‍ 2026 മെയ് അവസാനത്തോടെ ഇത് 98 ദിവസം എന്ന നിലയിലേക്ക് വീണ്ടും ഇടിയും.

ഫെബ്രുവരി അവസാനം പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങുമ്പോള്‍ 100 കോടിയിലധികം ബാരലുകളുടെ (1 ബില്യണ്‍ ബാരല്‍) ഗ്ലോബല്‍ ക്രൂഡ് ഓയില്‍ റിസര്‍വാണ് ഉണ്ടായിരുന്നത്. നിലവില്‍ ഓരോ ദിവസവും 10-13 ബാരലുകളുടെ ദൗര്‍ലഭ്യമാണ് അന്താരാഷ്ട്ര തലത്തില്‍ നേരിടേണ്ടി വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വായി 3.37 മില്യണ്‍ ബാരലുകളാണ് നിലവില്‍ അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Global crude oil reserves hit an eight-year low after the Strait of Hormuz closure, raising fresh energy security concerns across major economies, including India