

കെവൈസി ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യെസ് ബാങ്കിന് 31.80 ലക്ഷം പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ഉപഭോക്താക്കളുമായി അക്കൗണ്ട് അടിസ്ഥാനത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ് രജിസ്ട്രി നല്‍കുന്ന കെവൈസി ഐഡന്റിഫയര്‍ സംവിധാനം യെസ് ബാങ്ക് നടപ്പിലാക്കിയിരുന്നില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിന് മുമ്പ്, 2025 മാര്‍ച്ച് 31-നുള്ള ബാങ്കിന്റെ സാമ്പത്തിക നില വിലയിരുത്തുന്നതിനായി ആര്‍ബിഐ ബാങ്കില്‍ നിയമാനുസൃത പരിശോധന നടത്തിയിരുന്നു.

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 47A(1)(c)യും സെക്ഷന്‍ 46(4)(i)യും പ്രകാരമാണ് പിഴ ചുമത്തിയത്. സെബിയുടെ ലിസ്റ്റിംഗ് ചട്ടങ്ങള്‍ പാലിച്ചാണ് നടപടിയെന്നും, ഇത് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഭരണനിര്‍വഹണം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഹിന്ദുജ ഹൗസിങ് ഫിനാന്‍സിനും 1.8 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള നടപടികളാണ് ഇവയെന്നും, ഉപഭോക്താക്കളുമായി സ്ഥാപനങ്ങള്‍ നടത്തിയ ഇടപാടുകളുടേയോ കരാറുകളുടേയോ സാധുതയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരായുള്ള നിയമ പ്രകാരം ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും ഇത് സംബന്ധിച്ച മേഖലകളില്‍ ബാങ്കുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുമായി നിയന്ത്രണ ഏജന്‍സികളുടെ നിരീക്ഷണം തുടരുകയാണ്.
Content Highlights: YES Bank and Hinduja Housing Finance Ltd were fined by RBI for regulatory compliance violations