

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മറ്റ് റെയിൽവേ മേഖലകളെ പിന്നിലാക്കി യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ ഒന്നാം സ്ഥാനം നേടി ദക്ഷിണ മേഖല റെയിൽവേ. ഈ വർഷം ദക്ഷിണ റെയില്‍വേക്ക് യാത്രക്കാരില്‍ നിന്ന് മാത്രമായി ലഭിച്ച വരുമാനം 8,271.47 കോടി രൂപയാണ്. മുൻ വർഷത്തെ 7,535.69 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വർഷം 9.8 ശതമാനം വർധനവാണ് ഉണ്ടായിട്ടുണ്ടത്. അതായത് അധികമായി ലഭിച്ചത് 735.78 കോടി രൂപ.
രാജ്യത്താകമാനം ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 5 മുതൽ 7 ശതമാനം വരെ മാത്രമാണ് വർധിച്ചത്. എന്നാല്‍ ദക്ഷിണ റെയിൽവേ ഇതില്‍ നിന്നെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റേൺ റെയിൽവേയേക്കാൾ ഏകദേശം 70 കോടി അധിക വരുമാനമാണ് ദക്ഷിണ റെയിൽവേ നേടിയത്. യാത്രക്കാരുടെ എണ്ണത്തിലും ദക്ഷിണ റെയിൽവേ ഒന്നാമതാണ്.
ഈ പെട്ടെന്നുള്ള വരുമാന വർധനവിന്റെ പ്രധാന കാരണം പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലെ (PRS) മെച്ചപ്പെടുത്തലുകളാണ്. മുമ്പ് വന്ദേ ഭാരത് ട്രെയിനുകളുടെ ചാർട്ട് തയ്യാറായിക്കഴിഞ്ഞാൽ ഓൺലൈൻ ബുക്കിങ് അവസാനിപ്പിക്കുകയായിരുന്നു. പുതിയ മാറ്റം പ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഒരു സീറ്റിൽ യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ഒരേ യാത്രക്കാരന്‍ എന്നതിന് പകരം ഒന്നിലധികം യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സീറ്റ് യൂട്ടിലൈസേഷൻ മെച്ചപ്പെട്ടു. അതായത് ഒരു യാത്രക്കാരൻ ഇറങ്ങിയാൽ അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊരാൾക്ക് ടിക്കറ്റ് ലഭ്യമാകുന്നു. ഇതോടെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ 2.14 ലക്ഷത്തിൽ നിന്ന് 6.01 ലക്ഷമായി ഉയർന്നു. വരുമാനവും 15.22 കോടിയിൽ നിന്ന് 45.37 കോടിയായി മൂന്നിരട്ടിയിലധികം വർധിച്ചു.
കൂടാതെ, റിമോട്ട് ലൊക്കേഷൻ വെയ്റ്റിങ് ലിസ്റ്റ് സിസ്റ്റത്തിലും മാറ്റം വരുത്തിയത് ഗുണകരമായി മാറി. മുമ്പ് കൊയമ്പത്തൂരിനപ്പുറം കേരളത്തിലേക്കുള്ള ട്രെയിനുകൾ ബുക്ക് ചെയ്യാൻ പറ്റിയിരുന്നില്ല. ഇപ്പോൾ എറണാകുളം ജംഗ്ഷനും ഈ സൗകര്യത്തിൽ ഉൾപ്പെടുത്തിയതോടെ കേരളത്തിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമായിമാറി.
തത്കാൽ ബുക്കിങിലും ദക്ഷിണ റെയിൽവേ ഒന്നാം സ്ഥാനത്താണ്. 92 ശതമാനം ട്രെയിനുകളിലെ തത്കാൽ ബുക്കിങുകളിൽ 75 ശതമാനത്തിലധികം ദക്ഷിണ റെയിൽവേയിലൂടെയാണ്. ഇതിലൂടെ മാത്രം 267.05 കോടി വരുമാനമുണ്ടായി. പ്രീമിയം തത്കാൽ സേവനത്തിലൂടെ അധികമായി 594.36 കോടിയും ലഭിച്ചു.
തെക്കൻ റെയിൽവേയുടെ ഈ മികച്ച പ്രകടനം യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതോടൊപ്പം റെയിൽവേയുടെ വരുമാനവും ഉയർത്തുന്നതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളുടെ ഉപയോഗം വർധിക്കുന്നതോടെ യാത്രക്കാർക്ക് സുഖകരവും വേഗതയേറിയതുമായ യാത്രകൾ ലഭിക്കുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.
Content Highlights: Southern Railway has emerged as the top revenue-generating zone, supported by the growing popularity of Vande Bharat trains. The railway zone also recorded a significant rise in tatkal bookings, setting new records. The development reflects increased passenger demand and improved service efficiency across key routes.