

പെട്ടെന്ന് പണം കൈയ്യിൽ വന്നാൽ എവിടെ നിക്ഷേപിക്കണം എന്നാലോചിച്ച് ഇരിക്കുന്ന ആളാണോ നിങ്ങൾ? എവിടെ നിക്ഷേപിക്കണം എന്ന് സംശയമുള്ളത് കൊണ്ട് ആ പണം കുറഞ്ഞ പലിശയിൽ സേവിങ്സ് ബാങ്കിൽ ഇടുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ദീർഘകാലത്തിൽ 12 മുതൽ 15% വരെ ആദായം ലഭിക്കാൻ സാധ്യതയുള്ളപ്പോൾ പണത്തിനെ വെറുതെ കൈയ്യിൽ വെക്കണോ?
ഉയർന്ന ലാഭം ലക്ഷ്യമിടുന്നവർക്ക്
നിങ്ങൾ അല്പം റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ, ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണ് ഏറ്റവും മികച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്നത് മ്യൂച്വൽ ഫണ്ടുകളാണ്. പ്രത്യേകിച്ച് പി എസ് യു ഇക്വിറ്റി ഫൻഡ്സ്, ഇൻഡക്സ് ഫൻഡ്സ് എന്നിവയിൽ നിന്ന് വർഷം 12% മുതൽ 18% വരെ ലാഭം പ്രതീക്ഷിക്കാം. നേരിട്ട് ഓഹരികൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ 2026-ൽ വലിയ മുന്നേറ്റം നടത്തുന്ന മേഖലകളിലെ മികച്ച കമ്പനികളെ തിരഞ്ഞെടുക്കാം.

മിതമായ ലാഭവും സുരക്ഷിതത്വവും
പണം നഷ്ടപ്പെടാതെ ബാങ്ക് പലിശയെക്കാൾ കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർക്ക് ഹൈബ്രിഡ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇവ പണം ഓഹരികളിലും ബോണ്ടുകളിലും ഒരുപോലെ നിക്ഷേപിക്കുന്നു. ഇത് റിസ്ക് കുറയ്ക്കാനും ഏകദേശം 10% - 12% ലാഭം നൽകാനും സഹായിക്കും.കോർപ്പറേറ്റ് എഫ്.ഡിയാണ് മറ്റൊരു നിക്ഷേപത്തിന് പരിഗണിക്കാവുന്ന മേഖല. പ്രമുഖ കമ്പനികളിൽ പണം നിക്ഷേപിക്കുന്നത് സാധാരണ ബാങ്ക് എഫ്.ഡി യെക്കാൾ 1-2% കൂടുതൽ പലിശ നൽകും.
പൂർണ്ണ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക്
ഒട്ടും റിസ്ക് എടുക്കാൻ വയ്യ എന്നുള്ളവർക്ക് സ്മോൾ ഫൈനാൻസ് ബാങ്ക് എഫ്.ഡി ആലോചിക്കാം. സാധാരണ ബാങ്കുകൾ 6-7% പലിശ നൽകുമ്പോൾ, യൂണിറ്റി , സൂര്യോദയ് തുടങ്ങിയ ബാങ്കുകൾ നിലവിൽ 8% മുതൽ 9% വരെ പലിശ നൽകുന്നുണ്ട്. ദീർഘകാല നിക്ഷേപമാണെങ്കിൽ സർക്കാർ ഉറപ്പുനൽകുന്ന 7.1% പലിശയും ഒപ്പം ടാക്സ് ആനുകൂല്യവും ലഭിക്കും.
ഒരു കുട്ടയിൽ വേണ്ട
നിങ്ങളുടെ 3 ലക്ഷം രൂപ ഒരിടത്ത് മാത്രം നിക്ഷേപിക്കാതെ വിഭജിക്കുന്നത് നന്നായിരിക്കും:
1,50,000 രൂപ അതായത് 50% നല്ലൊരു ഇൻഡക്സ് ഫണ്ടിൽ അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുക. ഇതിലൂടെ കൂടുതൽ ആദായം ലഭിക്കും. 1,00,000 രൂപ ഉയർന്ന പലിശ നൽകുന്ന ഒരു ബാങ്ക് എഫ് ഡി യിൽ ഇടുക. അത്യാവശ്യ ഘട്ടത്തിൽ എടുക്കാൻ ഇത് ഉപകരിക്കും. 50,000 രൂപ ലിക്വിഡ് ഫണ്ടിലോ സേവിങ്സ് അക്കൗണ്ടിലോ എമർജൻസി ഫണ്ടായി സൂക്ഷിക്കുക. നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങളുടെ കയ്യിലുള്ള പണം എത്ര കാലത്തേക്ക് മാറ്റി വെക്കാൻ സാധിക്കുമെന്ന് ശ്രദ്ധിക്കേണ്ട കാര്യം ആണ്. 5 വർഷത്തിന് മുകളിൽ നിക്ഷേപിക്കാനുണ്ടെങ്കിൽ മാത്രം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
Content Highlights: Looking to invest ₹3 Lakhs? Explore the best investment options in India, including Mutual Funds, High-Yield FDs, and Index Funds, to get the highest returns with safety.