

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ 15,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരിച്ചുവാങ്ങല്‍ നടപടിയാകുമിത്. 2023ല്‍ 12,000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു. 250 രൂപയ്ക്ക് 60 കോടി ഓഹരികള്‍ തിരികെ വാങ്ങാനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരിക്കുന്നത്. ആകെ ഓഹരിയുടെ 5.7 ശതമാനം വരുമിത്. ഇന്ത്യയിലെ ഐടി കമ്പനികള്‍ നടത്തിയതില്‍ മൂന്നാമത്തെ വലിയ ഓഹരി തിരികെ വാങ്ങലാണിത്.
ഇന്‍ഫോസിസ് കഴിഞ്ഞ നവംബറില്‍ നടത്തിയ 18,000 കോടിയുടെ ഓഹരിവാങ്ങലാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുത്. ടിസിഎസ് 2023 ഡിസംബറില്‍ നടത്തിയ 17,000 കോടിയുടെ വാങ്ങലാണ് രണ്ടാം സ്ഥാനത്ത്. രണ്ടുരൂപ മുഖവിലയുള്ള ഓഹരികള്‍ 250 രൂപ നിരക്കില്‍ തിരികെ വാങ്ങാനാണ് മാനേജ്മെന്റ് ബോര്‍ഡ് ധാരണയായിരുന്നത്. വിപ്രോ ഓഹരികള്‍ നിലവില്‍ 210 രൂപ റേഞ്ചില്‍ വ്യാപാരം ചെയ്യുന്നതിനാല്‍, തിരികെ വാങ്ങല്‍ വില ഏകദേശം 19% നേട്ടത്തെ സൂചിപ്പിക്കുന്നു. ടെന്‍ഡര്‍ ഓഫര്‍ വഴിയാണ് വിപ്രോ ബൈബാക്ക് നിശ്ചയിച്ചിരിക്കുന്നത്. അതായത് നിലവിലുള്ള ഓഹരി ഉടമകളെ ആനുപാതിക അടിസ്ഥാനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന രീതിയാണിത്.
ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന എഡിആര്‍ ഉടമകള്‍ക്ക് ഈ ബൈബാക്ക് ഉപയോഗിക്കാന്‍ കഴിയും. ഓഹരി ബൈബാക്കില്‍, 9 കോടി ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രൊമോട്ടര്‍ ഗ്രൂപ്പും ബൈബാക്കില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. അതേസമയം ഓഹരി ബൈബാക്കിന്റെ റെക്കോര്‍ഡ് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെവാങ്ങലിന് പോസ്റ്റല്‍ ബാലറ്റ് വഴി ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ച ശേഷമാകും റെക്കോര്‍ഡ് തീയതി പ്രഖ്യാപിക്കുക. റെക്കോര്‍ഡ് തീയതിയില്‍ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ അടിസ്ഥാനത്തിലാകും ഓഹരി തിരികെവാങ്ങല്‍ യോഗ്യത നിര്‍ണയിക്കുക.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വിപ്രോയുടെ ലാഭം 3,501.8 കോടി രൂപയാണ്. ലാഭത്തില്‍ 1.89% ഇടിവുണ്ടായി. മുന്‍വര്‍ഷം ലാഭം 3,569.6 കോടിയായിരുന്നു. അതേസമയം, പ്രവര്‍ത്തന വരുമാനം 7.6% കൂടി 24,236.4 കോടി രൂപയായി. 2025-26 സാമ്പത്തിക വര്‍ഷം വിപ്രോയുടെ അറ്റാദായം 0.47 ശതമാനം കൂടി 13,197.4 കോടി രൂപയാണ്. വരുമാനം 3.96 ശതമാനം വര്‍ധിച്ച് 92,624 കോടി രൂപയും.
Content Highlights: Wipro announces ₹15,000 crore buyback: IT firm proposes to buy back shares at ₹250 apiece