

സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ആപ്പ് പുറത്തിറക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. MyLIC, Super Sales Saathi എന്നീ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ എൽഐസി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
MyLIC ആപ്പ്
ഈ ആപ്പ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാനാണ് ഉപയോഗിക്കുക. പോളിസി എടുത്തവർക്ക് ഓഫീസിൽ പോകാതെ തന്നെ കാര്യങ്ങൾ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. നിങ്ങളുടെ എല്ലാ പോളിസികളും ഇതിൽ ഒരിടത്ത് കാണാം. അതുപോലെ പ്രീമിയങ്ങൾ ഓൺലൈനായി അടയ്ക്കാം. പേപ്പറുകൾ ഒന്നും ഇല്ലാതെ തന്നെ പോളിസിക്ക് മേൽ ലോൺ എടുക്കാനും ഈ ആപ്പ് ഉപയോഗിക്കാം. പോളിസികൾ പുതുക്കാനും, നിന്നുപോയ പോളിസികൾ ഓൺലൈനായി പുനരാരംഭിക്കാനും ഇതിൽ സൗകര്യങ്ങളുണ്ട്. പുതിയ ഇൻഷുറൻസ് പ്ലാനുകൾ നോക്കാനും വാങ്ങാനും ഇതിലൂടെ സാധിക്കും.
Super Sales Saathi
ഇടനിലക്കാർക്കായി ഉണ്ടാക്കിയിരിക്കുന്ന ആപ്പാണ് ഇത്. എൽഐസി ഏജന്റുമാർക്കും മറ്റ് ഇടനിലക്കാർക്കും ജോലി എളുപ്പമാക്കാനാണ് ഈ ആപ്പ്. പോളിസികളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വിശദീകരിച്ചു കൊടുക്കാൻ ഡിജിറ്റൽ കിറ്റുകൾ ഇതിൽ ലഭ്യമാണ്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും മികച്ച സേവനം നൽകാനും ഇതിലൂടെ സാധിക്കും. ഏജന്റുമാർക്ക് അവരുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും ഒരു ഡാഷ്‌ബോർഡിലൂടെ തത്സമയം അറിയാം. "വെറും സേവനങ്ങൾ എന്നതിലുപരി, ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ആളുകളിലേക്ക് ഇൻഷുറൻസ് എത്തിക്കാനുള്ള പ്രധാന മാർഗമായി എൽഐസി ആപ്പുകൾ മാറിക്കഴിഞ്ഞു" കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ സെക്രട്ടറി ശ്രീ. നാഗരാജു പറഞ്ഞു.
പ്രീമിയം കുറയുമോ?
എൽഐസി ആപ്പ് വഴി പ്രീമിയം അടയ്ക്കുന്നത് കൊണ്ട് പ്രീമിയം തുകയിൽ നേരിട്ട് കുറവ് ലഭിക്കില്ല. നിങ്ങളുടെ പോളിസി രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള അതേ പ്രീമിയം തുക തന്നെയാണ് ഓൺലൈനായി അടയ്ക്കുമ്പോഴും വരുന്നത്. എങ്കിലും, ആപ്പ് വഴി അടയ്ക്കുമ്പോൾ നിങ്ങൾക്ക് മറ്റ് ചില സാമ്പത്തിക ലാഭങ്ങൾ ഉണ്ട്.
നിങ്ങൾ പുതിയ പോളിസി എടുക്കുന്നത് ഒരു ഏജന്റ് വഴിയാണെങ്കിലും ഓൺലൈൻ വഴിയാണെങ്കിലും നിലവിൽ പ്രീമിയത്തിൽ വലിയ വ്യത്യാസം വരാറില്ല. എന്നാൽ ചില പ്രത്യേക ഓൺലൈൻ ഓൺലി പ്ലാനുകൾ എൽഐസിക്ക് ഉണ്ട് . ഇത്തരം പ്ലാനുകൾ ആപ്പ് വഴി നേരിട്ട് എടുക്കുമ്പോൾ ഓഫ്ലൈൻ പ്ലാനുകളേക്കാൾ പ്രീമിയം കുറയാൻ സാധ്യതയുണ്ട്.
Content Highlights:Discover how to use the MyLIC app to track insurance portfolios, pay premiums, and avail paperless loans. Learn about LIC's digital transformation with Super Sales Saathi.