

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹതിരാകുന്നു എന്ന ചർച്ചകൾക്ക് മറുപടിയുമായി നടി ലിസി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്. 'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

ഇതിന് താഴെ 'ഇതൊരു തെറ്റായ വാർത്തയാണ്' എന്ന കമന്റുമായി ലിസിയെത്തി. ‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്. ഇതിന് താഴെയാണ് ആരാധകൻ കമന്റുമായി എത്തിയത്. കല്യാണിയും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നുമുള്ള ചർച്ചകൾക്കാണ് ഇതോടെ കർട്ടൻ വീണിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ ചിത്രങ്ങളായ വർഷങ്ങൾക്ക് ശേഷം, ഹൃദയം എന്നീ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടെയും കോംബോയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്. രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ ആണ് അവസാനമായി പുറത്തുവന്ന പ്രണവ് ചിത്രം. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. മികച്ച പ്രതികരണം ആണ് സിനിമ നേടിയത്.
ലോക ആണ് അവസാനം പുറത്തുവന്ന കല്യാണി ചിത്രം. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. വലിയ വിജയത്തെ തുടർന്ന് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭഗത്തിന്റെ ഷൂട്ടിംഗ് 2026 അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 2027 ഓണം റിലീസായി ലോക 2 പുറത്തിറക്കാൻ ആണ് പ്ലാൻ എന്നും നിരവധി ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് ആണ് ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഈ രണ്ടാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Content Highlights: Lissy Lakshmi Reacts to Pranav Mohanlal- Kalyani priyadarshan marriage