

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2019ല്‍ പുറത്തിറക്കിയ സോവറീന്‍ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ് V നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടമാണ് നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാകാത്ത തിരിച്ചെടുക്കലിലൂടെ (പ്രീമെച്വര്‍ റിഡംപ്ഷന്‍) നിക്ഷേപകര്‍ക്ക് 300 ശതമാനത്തിലേറെ റിട്ടേണ്‍ ലഭിക്കും.

വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
2019 ഒക്ടോബറില്‍ ഗ്രാമിന് 3,788 രൂപ നിരക്കില്‍ ഈ ബോണ്ട് വാങ്ങിയവര്‍ക്ക്, ഇപ്പോള്‍ അത് തിരികെ നല്‍കുമ്പോള്‍ ഗ്രാമിന് 15,009 രൂപ ലഭിക്കുന്നു. അതായത് ഓരോ ഗ്രാമിനും 11,221 രൂപ ലാഭം. ഇന്ത്യ ബുളളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന തിരിച്ചെടുക്കല്‍ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വര്‍ണവിലയുടെ ശരാശരി കണക്കാക്കിയാണ് ആര്‍ബിഐ ഈ വില നിശ്ചയിച്ചത്. സ്വര്‍ണവിലയിലുണ്ടായ വര്‍ധനക്ക് പുറമെ, നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 2.5 ശതമാനം പലിശയും ലഭിക്കുന്നുണ്ട്. ഈ പലിശ തുക കൂടി കണക്കാക്കുമ്പോഴാണ് മൊത്തം ലാഭം 300 ശതമാനം കടക്കുന്നത്.
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി 8 വര്‍ഷമാണെങ്കിലും, 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ നല്‍കുന്ന തീയതികളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന ലാഭം സ്വന്തമാക്കാന്‍ കഴിയുന്നത്.
8 വര്‍ഷത്തെ പൂര്‍ണ കാലാവധിവരെ കാത്തിരിക്കുകയാണെങ്കില്‍ മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന ലാഭത്തിന് ആദായനികുതി നല്‍കേണ്ടതില്ല. എന്നാല്‍ 5 വര്‍ഷത്തിന് ശേഷം കാലാവധിക്ക് മുന്‍പേ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമായിരിക്കും. 2019ല്‍ ഒരുലക്ഷം രൂപ ഈ ബോണ്ടില്‍ നിക്ഷേപിച്ച ഒരാള്‍ക്ക് ഇന്ന് പലിശ ഉള്‍പ്പെടെ നാലുലക്ഷം രൂപയോളം തിരികെ ലഭിക്കുന്ന സാഹചര്യമാണുള്ളത്. സ്വര്‍ണവിലയിലുണ്ടായ വന്‍ വര്‍ധനയാണ് നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചത്.
Content Highlights: Sovereign Gold Bonds: Over 300% Return On Cards For Investors In 2019-20 Series V. Check Details