

ലണ്ടനിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സ്പോർട്ടിങ് സിപിയെ ഗോൾരഹിത സമനിലയിൽ തളച്ച് ആഴ്‌സണൽ സെമി ഫൈനലിൽ. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ട് സീസണുകളിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്താൻ ഗണ്ണേഴ്‌സിനു സാധിച്ചു.
ആദ്യ പാദത്തിലെ ലീഡിന്‍റെ കരുത്തിൽ ആഴ്‌സണൽ മുന്നേറിയപ്പോൾ സ്പോർട്ടിങ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. മത്സരത്തിന്‍റെ ഭൂരിഭാഗം സമയത്തും ആഴ്‌സണലായിരുന്നു ആധിപത്യം പുലർത്തിയത്. എബെറെച്ചി എസെയുടെ പാസിൽ നിന്ന് മാർട്ടിൻ സുബിമെൻഡിക്ക് ലഭിച്ച അവസരം സ്പോർട്ടിങ് താരം ഗോൺസാലോ ഇനാസിയോ തടഞ്ഞത് ആഴ്‌സണലിന് തിരിച്ചടിയായി.
എന്നാൽ ആദ്യ പകുതിയിലെ മികച്ച അവസരം സ്പോർട്ടിങ്ങിന്‍റേതായിരുന്നു. ജെനി കടാമോയുടെ വോളി പോസ്റ്റിൽ തട്ടിത്തെറിച്ചത് ആഴ്‌സണലിന് ഭാഗ്യമായി. രണ്ടാം പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും നോനി മഡുകെയും ഗോളിലേക്ക് അടുത്തുവെങ്കിലും ഫലം കണ്ടില്ല.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ട്രൊസാർഡിന്‍റെ ഹെഡർ പോസ്റ്റിൽ തട്ടിയതും ആരാധകരെ മുൾമുനയിൽ നിർത്തി. സെമിയിൽ സ്‌പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ് ആഴ്‌സണലിന്‍റെ എതിരാളികൾ.
Content Highlights: arsenal-vs-sporting-ucl-quarter-final-second-leg-result