മധുര പാനീയങ്ങളിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി; ഖത്തറിൽ പുതിയ നിയമം ജുലൈ മുതൽ

നികുതി വര്‍ദ്ധിക്കുന്നതോടെ ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തല്‍

മധുര പാനീയങ്ങളിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി; ഖത്തറിൽ പുതിയ നിയമം ജുലൈ മുതൽ
dot image

ഖത്തറില്‍ മധുര പാനീയങ്ങള്‍ക്ക് പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി ചുമത്താന്‍ നടപടിയുമായി ജനറല്‍ ടാക്‌സ് അതോറിറ്റി. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് നിയമം നിലവില്‍ വരും. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി.

നിലവിലുള്ള എക്‌സൈസ് നിയമത്തില്‍ മാറ്റം വരുത്തികൊണ്ടാണ് ഖത്തറില്‍ മധുര പാനീയങ്ങളുടെ നികുതി ഘടന പരിഷ്‌ക്കരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചാരയുടെ അളവിന് അനുസരിച്ച് നികുതിയും കൂടും. നേരത്തെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. ഈ രീതിക്കാണ് ജൂലൈ ഒന്ന് മുതല്‍ മാറ്റം വരുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍, പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ എന്നിവയ്ക്ക് പുറമെ മധുര പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പൗഡറുകള്‍, സിറപ്പുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണെന്ന് ടാക്‌സ് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. പൊതുജനങ്ങളില്‍ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.

നികുതി വര്‍ദ്ധിക്കുന്നതോടെ ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തല്‍. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കാനും ഈ നീക്കം സഹായിക്കും. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉത്പ്പന്ന നിര്‍മ്മാതാക്കള്‍ക്കും പുതിയ നടപടിയുമായി പൊരുത്തപ്പെടാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മൂന്ന് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

എക്‌സൈസ് നികുതി ബാധകമായ ഉത്പ്പന്നങ്ങള്‍ കൈവശമുള്ളവര്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ ജനറല്‍ ടാക്‌സ് അതോറിറ്റിയെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഔദ്യോഗിക പ്ലാറ്റ് ഫോം ആയ 'ധരീബ' പോര്‍ട്ടല്‍ വഴിയണ് വിവരങ്ങള്‍ കൈമാറേണ്ടത്. നികുതിപ്പട്ടികയില്‍ പുതിയ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും ഓണ്‍ലൈന്‍ ആയി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

Content Highlights: Qatar introduces a new law to tax sweetened beverages based on sugar content starting July. The move aims to promote healthier consumption and reduce sugar intake.

dot image
To advertise here,contact us
dot image