

ആഗോളതലത്തിലുള്ള വന്‍കിട നിക്ഷേപകർ സ്വർണ ഇ ടി എഫ് നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കുന്നു. ഇന്ത്യയിലും ആ ഒരു അവസ്ഥ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാണുന്നുണ്ട്. സ്വർണ്ണം കയ്യിൽ സൂക്ഷിക്കാതെ ഓഹരി വിപണി വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഗോൾഡ് ഇ ടി എഫ്. നിക്ഷേപം. നിങ്ങൾ വാങ്ങുന്ന ഓരോ യൂണിറ്റും പരിശുദ്ധമായ സ്വർണ്ണത്തിന് തുല്യമായിരിക്കും.
സ്വർണ്ണവില കുറഞ്ഞെങ്കിലും ആളുകൾ ഇപ്പോഴും ഗോൾഡ് ഇടിഎഫുകളിൽ പണം നിക്ഷേപിക്കുന്നുണ്ട്, പക്ഷേ പഴയ അത്ര വേഗത്തിലല്ല എന്ന് മാത്രം.

ഇന്ത്യയിൽ 68% ഇടിവ്ഫെബ്രുവരിയിൽ ഏകദേശം 5.76 കോടി ഡോളർ നിക്ഷേപം വന്നിടത്ത്, മാർച്ചിൽ അത് 1.76 കോടി ഡോളറായി കുറഞ്ഞു . ഏകദേശം 68 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയത് സ്വർണ ഇ ടി എഫ് മ്യൂച്ചൽ ഫണ്ടുകളെയും, സ്ഥാപനങ്ങളേയും അമ്പരപ്പിച്ചിട്ടുണ്ട്. മാർച്ചിൽ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളുണ്ടായി. വിലയിൽ 11.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്.
ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ എന്തുകൊണ്ടാണ് സ്വർണ ഇ ടി എഫ് നിക്ഷേപങ്ങളിൽ നിന്നും പണം മാറ്റുന്നത്?
മറ്റ് മേഖലകളിലേക്ക് പണം മാറ്റുന്നു
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിപ്പെടുമ്പോൾ സാധാരണയായി സ്വർണ്ണവില കുറയാറുണ്ട്. ഡോളർ ലാഭകരമാണെന്ന് കാണുമ്പോൾ നിക്ഷേപകർ സ്വർണ്ണം വിറ്റ് ഡോളറിൽ നിക്ഷേപിക്കാൻ തുടങ്ങുന്നു. അമേരിക്കയിലെ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാണുമ്പോൾ, നിക്ഷേപകർ സ്വർണ്ണത്തേക്കാൾ പലിശ ലഭിക്കുന്ന ബോണ്ടുകളിലേക്കും മറ്റും പണം മാറ്റുന്നു. കാരണം സ്വർണ്ണത്തിന് പലിശ ലഭിക്കില്ലല്ലോ.ഓഹരി വിപണിയിലെ ഇടിവിൽ കൂടുതൽ നിക്ഷേപിക്കാൻ സ്വർണ ഇ ടി എഫുകൾ വിറ്റൊഴിയുന്നതും ഇന്ത്യയിലും, ആഗോളതലത്തിലും കഴിഞ്ഞ രണ്ടു മാസങ്ങളിൽ കണ്ട പ്രത്യേകതയാണ്.
സാധാരണക്കാരനെ ഇത് എങ്ങനെ ബാധിക്കും?
വലിയ നിക്ഷേപകർ വൻതോതിൽ സ്വർണ്ണ ഇ ടി എഫ് വിൽക്കുമ്പോൾ വിപണിയിൽ സ്വർണ്ണത്തിന്റെ ലഭ്യത കൂടുകയും വില കുറയാൻ കാരണമാവുകയും ചെയ്യും. സ്വർണ്ണം എപ്പോഴും ഒരേപോലെ ലാഭം തരില്ലെന്നും, ആഗോള സാമ്പത്തിക മാറ്റങ്ങൾക്കനുസരിച്ച് അതിന്റെ വിലയിൽ വലിയ മാറ്റങ്ങൾ വരുമെന്നും ഇത് ഓർമ്മിപ്പിക്കുന്നു.
മഴ പെയ്യുമെന്ന് കരുതി നമ്മൾ കുട പിടിക്കുന്നു, അതായത് സ്വർണ്ണം വാങ്ങുന്നു. എന്നാൽ വെയിൽ തെളിയുകയും കാറ്റ് മാറുകയും ചെയ്യുമ്പോൾ (സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ) നമ്മൾ കുട മടക്കി വെച്ച് വേഗത്തിൽ നടക്കാൻ തുടങ്ങുന്നു (സ്വർണ്ണം വിറ്റ് ഓഹരികൾ വാങ്ങുന്നു). ഇതാണ് ഇപ്പോൾ നിക്ഷേപകർ ചെയ്യുന്നത്.
Content Highlights : Investment in Gold ETFs are declining