1,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസുണ്ടോ? യാഥാര്‍ഥ്യം അറിയാം

വ്യക്തികള്‍ക്ക് യുപിഐ പേയ്മെന്റുകളുടെ പ്രതിദിന ഇടപാട് പരിധി 1 ലക്ഷം രൂപയാണ്

1,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസുണ്ടോ? യാഥാര്‍ഥ്യം അറിയാം
dot image

ഡിജിറ്റല്‍ ഇടപാടുകളില്‍ ഏറിയ പങ്കും യുപിഐ വഴി നടത്തുന്നവരാണ് നമ്മള്‍. ചെറുതും വലുതുമായ തുകകള്‍ കൈയില്‍ കൊണ്ടുനടക്കാതെ വേഗത്തില്‍ കൈമാറാമെന്ന സൗകര്യമാണ് യുപിഐ ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. അതിനിടെ യുപിഐ വഴി 1,000 രൂപയ്ക്ക് മുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് സാമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ഥ്യമെന്ന് പരിശോധിക്കാം.

യുപിഐ ഇടപാടുകള്‍ക്ക് സാധാരണക്കാര്‍ പണം നല്‍കേണ്ടതില്ലെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. ഉപയോക്താവ് സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് നടത്തുന്ന പണമിടപാടുകള്‍ക്ക് യാതൊരു ചാര്‍ജും ഈടാക്കില്ല. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

വാലറ്റുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തിയതാണ് യുപിഐ ചാര്‍ജുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ കാരണം. നിങ്ങള്‍ പേടിഎം, ഫോണ്‍പേ തുടങ്ങിയവയുടെ വാലറ്റ് ഉപയോഗിച്ച് 2,000 രൂപയ്ക്ക് മുകളില്‍ വ്യാപാരികള്‍ക്ക് പണം നല്‍കുകയാണെങ്കില്‍, ആ വ്യാപാരി ബാങ്കിന് ഒരു നിശ്ചിത തുക (ഏകദേശം 1.1%) ഇന്റര്‍ചേഞ്ച് ചാര്‍ജ് ആയി നല്‍കേണ്ടി വരും. ഇത് ഉപഭോക്താവ് നല്‍കേണ്ട തുകയല്ല, മറിച്ച് വ്യാപാരി നല്‍കേണ്ടതാണ്.

യുപിഐ എന്നത് ഒരു 'ഡിജിറ്റല്‍ പൊതു സ്വത്ത്' ആണെന്നും സാധാരണക്കാര്‍ക്ക് ഇത് സൗജന്യമായി തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ യുപിഐക്ക് സബ്സിഡി നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് മുമ്പ് ആലോചിച്ചിരുന്നെങ്കിലും, നിലവില്‍ അത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. യുപിഐ സൗജന്യമായി തുടരുന്നത് രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുമെന്നാണ് ആര്‍ബിഐയുടെയും വിലയിരുത്തല്‍.

ബാങ്ക് ടു ബാങ്ക് യുപിഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാണെന്ന് ഉപയോക്താക്കള്‍ മനസ്സിലാക്കിയിരിക്കണം. വാലറ്റ് ഉപയോഗിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യാപാരികള്‍ക്ക് മാത്രം ചെറിയ ചാര്‍ജ് ബാധകമായേക്കാം. 1,000 രൂപയോ അതിന് മുകളിലോ അയക്കുന്നതിന് നിങ്ങളില്‍നിന്ന് അധിക തുക ഈടാക്കില്ല. ഇടപാട് തുക പരിഗണിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താമെന്നു സാരം. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും എന്‍പിസിഐ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വ്യക്തികള്‍ക്ക് യുപിഐ പേയ്മെന്റുകളുടെ പ്രതിദിന ഇടപാട് പരിധി 1 ലക്ഷം രൂപയാണ്. എന്നാല്‍ ആശുപത്രികള്‍, സ്‌കൂളുകള്‍ പോലുള്ള ഇടപാടുകള്‍ക്ക് പ്രതിദിന പരിധി 5 ലക്ഷം രൂപ വരെയാണ്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും, യുപിഐ സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് ഈ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. മര്‍ച്ചന്റ് പ്ലാറ്റ്‌ഫോമോ, വാലറ്റോ ഉപയോഗിച്ച് നിങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്‍കിയാല്‍ മാത്രമേ നിരക്കുകള്‍ ബാധകമാകൂ. എന്നാല്‍ ഈ നിരക്ക് ബാധിക്കുക വ്യാപാരികളെയാണ്.

Content Highlights: UPI Charges Above Rs 1,000? Here’s What RBI, Government And NPCI Actually Say

dot image
To advertise here,contact us
dot image