ഹെല്‍ത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും ക്ലെയിം കിട്ടാന്‍ നൂലാമാലകള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചെറിയ അക്ഷരപ്പിശകുകള്‍ പോലും ചൂണ്ടിക്കാട്ടി ക്ലെയിമുകള്‍ തള്ളുന്ന രീതി കമ്പനികള്‍ പിന്തുടരുന്നുണ്ട്

ഹെല്‍ത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും ക്ലെയിം കിട്ടാന്‍ നൂലാമാലകള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
dot image

അത്യാഹിത സമയത്ത് താങ്ങാകുമെന്ന് കരുതി ലക്ഷങ്ങള്‍ പ്രീമിയം അടയ്ക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോക്താക്കള്‍ക്ക് തലവേദനയാകുന്നു. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പാസാക്കുന്നതില്‍ കമ്പനികള്‍ വരുത്തുന്ന കടുത്ത നിയന്ത്രണങ്ങളും കാലതാമസവും സാധാരണക്കാരെ കടക്കെണിയിലാക്കുകയാണ്. ആശുപത്രി ബില്ലുകള്‍ സെറ്റില്‍ ചെയ്യാന്‍ കമ്പനികള്‍ കാട്ടുന്ന മെല്ലെപ്പോക്ക് നയം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.

health insurance

ചെറിയ അക്ഷരപ്പിശകുകള്‍ പോലും ചൂണ്ടിക്കാട്ടി ക്ലെയിമുകള്‍ തള്ളുന്ന രീതി കമ്പനികള്‍ പിന്തുടരുന്നുണ്ട്. ചികിത്സാ രേഖകളിലെ വ്യക്തതക്കുറവ് പലപ്പോഴും വില്ലനാകുന്നു. പോളിസി എടുക്കുന്ന സമയത്ത് മുന്‍കാല രോഗങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് ഭൂരിഭാഗം ക്ലെയിമുകളും കമ്പനികള്‍ തള്ളുന്നു. ചില സ്വകാര്യ ആശുപത്രികള്‍ ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ, പാക്കേജ് നിരക്കുകളില്‍ കമ്പനികള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ കൈയില്‍നിന്ന് പണം നല്‍കേണ്ട സാഹചര്യമുണ്ടാക്കുന്നു.

ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ ഉടന്‍ പണം നല്‍കേണ്ടതില്ലാത്ത കാഷ്ലെസ്സ് സൗകര്യം പലപ്പോഴും പേരിന് മാത്രമായി മാറുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുള്ള അനുമതി ലഭിക്കാന്‍ മണിക്കൂറുകളോളം രോഗിയും ബന്ധുക്കളും കാത്തിരിക്കേണ്ടി വരുന്നു. ഡിസ്ചാര്‍ജ് സമയത്തും ഈ അനുമതി കാത്തുള്ള നില്‍പ്പ് ദുരിതപൂര്‍ണമാണ്. നിയമക്കുരുക്കില്‍ കുരുങ്ങുന്ന സാധാരണക്കാരന് ക്ലെയിം നിരസിക്കപ്പെട്ടാല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാമെങ്കിലും വിധി വരാന്‍ മാസങ്ങളെടുക്കും. അടിയന്തര സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ സ്വര്‍ണവും വസ്തുവും പണയം വെക്കേണ്ടി വരുന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും.

ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • പോളിസി എടുക്കുമ്പോള്‍ വ്യവസ്ഥകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കുക.
  • രോഗവിവരങ്ങള്‍ ഒളിച്ചുവെക്കാതെ കമ്പനിയെ അറിയിക്കുക.
  • ഹോസ്പിറ്റല്‍ ബില്ലുകളും, ഡോക്ടറുടെ കുറിപ്പടിയും കൃത്യമായി സൂക്ഷിക്കുക.

Content Highlights: Ensure these things before taking insurance policy for easy claims

dot image
To advertise here,contact us
dot image