

പ്രമുഖ ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തുന്നു. ഏപ്രിൽ ഒന്ന് മുതൽ പല കാർഡുകളുടെയും റിവാർഡ് പോയിന്റുകളും ആനുകൂല്യങ്ങളും പകുതിയാകും. ബാങ്കുകൾ ലാഭം വർധിപ്പിക്കാൻ നടത്തുന്ന ഈ നീക്കം സാധാരണക്കാരായ കാർഡ് ഉടമകളുടെ ഷോപ്പിങ് എക്സ്പീരിയൻസിന് തിരിച്ചടിയാകുന്ന നീക്കമാകുമിത്.

എയർപോർട്ടുകളിൽ സൗജന്യമായി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സഹായിച്ചിരുന്ന ലോഞ്ച് സൗകര്യത്തിന് ഇനി കൂടുതൽ നിയന്ത്രണങ്ങൾ വരും. ഒരു നിശ്ചിത തുക, ഉദാഹരണത്തിന് മൂന്ന് മാസത്തിനിടെ 35,000 രൂപ ചെലവാക്കിയാൽ മാത്രമേ ഇനി ഈ സൗകര്യം ലഭിക്കൂ.ഓൺലൈൻ ഷോപ്പിങ്ങിനും വൗച്ചറുകൾക്കും ലഭിച്ചിരുന്ന റിവാർഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കും. ചില കാർഡുകളിൽ വാടക കൊടുക്കുന്നതിനോ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനോ ഇനി പോയിന്റുകൾ ലഭിക്കില്ല.
കാർഡ് വിപണിയിലെ കടുത്ത മത്സരവും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് ബാങ്കുകളെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. കൂടുതൽ ആളുകൾ കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആനുകൂല്യങ്ങൾ നൽകുന്നത് ബാങ്കുകൾക്ക് ബാധ്യതയായി മാറി. സ്വർണം വാങ്ങുന്നതിനും സർക്കാർ സേവനങ്ങൾക്കും നൽകിയിരുന്ന ആനുകൂല്യങ്ങൾ മിക്ക ബാങ്കുകളും ഇതിനോടകം തന്നെ നിർത്തലാക്കി കഴിഞ്ഞു.
നിങ്ങളുടെ ബാങ്ക് അയക്കുന്ന ഇമെയിലുകളും സന്ദേശങ്ങളും കൃത്യമായി പരിശോധിക്കുക. ഏപ്രിൽ ഒന്നിന് മുൻപ് നിലവിലുള്ള റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് വൗച്ചറുകളോ ഉൽപന്നങ്ങളോ വാങ്ങുന്നതാണ് ബുദ്ധി. പുതിയ നിയമങ്ങൾ നിങ്ങളുടെ കാർഡിനെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞതിന് ശേഷം മാത്രം തുടർന്നും ആ കാർഡ് ഉപയോഗിക്കണോ എന്ന് തീരുമാനിക്കുക.
Content Highlights: Big credit card rules update: Here’s what changes from April 1