

നമ്മുടെ നാട്ടിലെ കവലകളിൽ നീല നിറത്തിലുള്ള ബോർഡുമായി സ്വീകരിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പ് ഇനി വെറുമൊരു വായ്പാ സ്ഥാപനം മാത്രമല്ല, നിങ്ങളുടെ പോർട്ട്‌ഫോളിയോയിലെ തിളങ്ങുന്ന ഒരു ഓഹരിയുമായേക്കാം. കേരളത്തിന്റെ മണ്ണിൽനിന്ന് വളർന്ന് പന്തലിച്ച മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, തങ്ങളുടെ ഫ്ലാഗ്ഷിപ് കമ്പനിയെ ഓഹരി വിപണിയിൽ എത്തിക്കാനുള്ള വമ്പൻ നീക്കത്തിലാണ്.

ഏകദേശം 2,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഐപിഒ നീക്കം, സ്വർണ വായ്പാ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, വിപണിയിലെ വമ്പൻ ബാങ്കർമാരുമായി കമ്പനി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. സാധാരണക്കാരായ നിക്ഷേപകർക്ക് ഈ നീക്കം എങ്ങനെയൊരു സുവർണാവസരമാകുമെന്ന് നമുക്ക് നോക്കാം.
എന്താണ് ഐപിഒ?
ഒരു കമ്പനി ആദ്യമായി പൊതുജനങ്ങൾക്ക് തങ്ങളുടെ ഓഹരികൾ വിൽക്കുന്ന പ്രക്രിയയാണിത്. ഇതിലൂടെ സാധാരണക്കാർക്കും ആ കമ്പനിയുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നു.ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനും പുതിയ ശാഖകൾ തുടങ്ങാനും സാങ്കേതികമായി കൂടുതൽ വളരാനും ഈ തുക കമ്പനിയെ സഹായിക്കും. ഐപിഒ നടത്തുന്നതിന് മുൻപായി അതിന്റെ വില നിശ്ചയിക്കാനും നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കാനും വലിയ ബാങ്കുകളുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളിൽ നിന്നാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്.
മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഐപിഒ യാഥാർത്ഥ്യമാകുന്നതോടെ, ഇന്ത്യൻ ഓഹരി വിപണിയിലെ സ്വർണ വായ്പാ മേഖല കൂടുതൽ ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കും. നിലവിൽ വിപണി ഭരിക്കുന്ന മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നീ വമ്പന്മാരുടെ നിരയിലേക്ക് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും ഔദ്യോഗികമായി എത്തുമ്പോൾ നിക്ഷേപകർക്ക് ലഭിക്കുന്നത് മികച്ച ബദൽ മാർഗമാണ്. കേരളത്തിൽ നിന്നുള്ള ഈ മൂന്ന് സാമ്പത്തിക ശക്തികളും ഒരേസമയം വിപണിയിൽ ഏറ്റുമുട്ടുമ്പോൾ, അത് കമ്പനികളുടെ വളർച്ചയ്ക്കും സാധാരണക്കാരായ നിക്ഷേപകർക്ക് കൂടുതൽ നേട്ടത്തിനും വഴിതുറക്കുമെന്ന് ഉറപ്പാണ്.
Content Highlights: Gold lender Muthoot FinCorp said to plan nearly Rs 2,800 crore IPO