

പശ്ചിമേഷ്യയിൽ തുടരുന്ന അനിശ്ചിതാവസ്ഥകൾക്കിടയിൽ ജിസിസി,വാന (വെസ്റ്റ് ഏഷ്യ ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൺ) മേഖലകളിലേക്കുള്ള മരുന്ന് കയറ്റുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ. ചരക്ക് നീക്കത്തിലെ അനിശ്ചിതത്വമാണ് പ്രധാന വെല്ലുവിളി.

നിർമാണം നേരിട്ട് ബാധിക്കപ്പെടുകയില്ലെങ്കിലും ലോജിസ്റ്റിക് പ്രശ്നങ്ങൾ, കയറ്റുമതിക്കുള്ള ഉയർന്ന ചാർജുകൾ എന്നിവ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശ വിപണിയിൽ തിരിച്ചടിയാകും. കണക്കുകൾ നോക്കിയാൽ കയറ്റുമതി തടസ്സപ്പെടുന്നത് ഇന്ത്യൻ ഫാർമ വ്യവസായത്തിന് മാർച്ച് മാസത്തിൽ 2,500 മുതൽ 5,000 കോടി വരെ നഷ്ടമുണ്ടാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കയറ്റുമതി സംഘടന വ്യകതമാക്കുന്നു.
ഇന്ത്യയുടെ മൊത്തം മരുന്ന് കയറ്റുമതിയുടെ 5.58% ജിസിസി രാജ്യങ്ങളിൽ നിന്നാണ്. വാന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2020-21 ൽ 11,008.67 കോടിയിൽ നിന്ന് 2024-25 ൽ 14,607.67 കോടിയായി ഉയർന്നു. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, യെമൻ എന്നീ രാജ്യങ്ങൾ താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകൾക്കായി ഇന്ത്യയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.

ജോർദാൻ, കുവൈറ്റ്, ലിബിയ തുടങ്ങിയ വളർന്നുവരുന്ന വിപണികളിലും വാക്സിനുകൾ, ശസ്ത്രക്രിയാ ഉൽപ്പന്നങ്ങൾ, തുടങ്ങിയ വിഭാഗങ്ങളിലും ഗണ്യമായ മുന്നേറ്റമുണ്ട്.ഇറക്കുമതിക്കും കയറ്റുമതിക്കും ചരക്ക് കൂലികൾ ഇരട്ടിയാക്കുന്നതും ഓരോ ഷിപ്പ്‌മെന്റിനും 3.34 ലക്ഷം മുതൽ 6.68 ലക്ഷം വരെ സർചാർജുകൾ ഈടാക്കുന്നതും ഫാർമ കമ്പനികളിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

ചെങ്കടൽ, ഹോർമുസ് കടലിടുക്ക്, ഗൾഫ് ഷിപ്പിംഗ് ഇടനാഴികൾ തുടങ്ങിയ പ്രധാന റൂട്ടുകൾ വഴിതിരിച്ചുവിടുന്നതോ കാലതാമസമോ നേരിടുന്നതിനാൽ ഡെലിവറി ഷെഡ്യൂളുകളെ ബാധിച്ചേക്കാം.ഇതിനു പുറമേ, വിതരണ ശൃംഖലയിലുടനീളമുള്ള ചെലവ് വർധിക്കുന്നതും ആശങ്കയാണ്. അസംസ്കൃത എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ, സജീവമായ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ)ക്കായുള്ള ലോജിസ്റ്റിക് ചെലവുകൾ, ഷിപ്പിംഗ് കാലതാമസം എന്നിവ തിരിച്ചടിയാകുമെന്നും കയറ്റുമതി സംഘടനകൾ പറയുന്നു.
പ്രധാന വിപണികളിൽ ഉൽപ്പന്നങ്ങളുടെ സമയബന്ധിത ലഭ്യത ഉറപ്പാക്കുന്നതിനും, ഷിപ്പിംഗ് മാർഗങ്ങൾ വൈവിധ്യമാക്കുന്നതിനും ബദൽ സംവിധാനങ്ങൾ പരീക്ഷിക്കാനും രാജ്യാന്തര റെഗുലേറ്ററി സ്ഥാപനങ്ങളുമായി കയറ്റുമതി സഘടനകൾ ചർച്ചകൾ നടത്തിവരികയാണ്.
ഫാർമ കയറ്റുമതിക്ക് മുന്നിലുള്ള നിലവിലെ വെല്ലുവിളികൾ താൽക്കാലികമായിരിക്കുമെന്നുള്ള പ്രതീക്ഷ വിദഗ്‌ദ്ധർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും യുദ്ധ ഭീതി തുടരുകയാണെകിൽ വിതരണ ശൃംഖലയിലെ അസ്ഥിരതയും വർധിച്ച ചെലവും ഫാർമ കമ്പനികൾക്ക് കനത്ത പ്രതിസന്ധിയാകും.
Content Highlights:War can impact up to ₹5,000 cr. of pharma exports, disrupt supply chain