ആദ്യദിനം അത്ഭുതദ്വീപിന് കിട്ടിയ കൂവൽ പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു; ഗിന്നസ് പക്രു

'വിമാനം തകർന്നുവീഴുന്ന രംഗം മുതൽ തിയേറ്ററിൽ പ്രശ്നം, രണ്ടു ദിവസം കഴിഞ്ഞാണ് ബഹളമില്ലാതെ സിനിമ കണ്ടത്'

ആദ്യദിനം അത്ഭുതദ്വീപിന് കിട്ടിയ കൂവൽ പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു; ഗിന്നസ് പക്രു
dot image

വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജും ഗിന്നസ് പക്രുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005-ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'അത്ഭുതദ്വീപ്'. സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററിലുണ്ടായ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രതിസന്ധികളും പങ്കുവെക്കുകയാണ് നടൻ ഗിന്നസ് പക്രു. റിലീസ് ദിനത്തിലെ കൂവലുകളിൽ നിന്ന് പിന്നീട് 84 ദിവസത്തോളം തിയേറ്ററുകളിൽ വിജയം കൊയ്ത ചിത്രമായി 'അത്ഭുതദ്വീപ്' മാറിയതിനെക്കുറിച്ച് ഗിന്നസ് പക്രു ഓർത്തെടുക്കുന്നു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘അത്ഭുതദ്വീപ് സിനിമ കാണാനായി ഞാൻ കോട്ടയത്ത് ഒരു തിയേറ്ററിൽ ഇരിക്കുകയാണ്. സിനിമ ഇറങ്ങിയ ആദ്യ ദിവസമായിരുന്നു. സിനിമയുടെ ഒരു ഏരിയ അങ്ങ് കഴിഞ്ഞപ്പോൾ സിനിമയ്ക്ക് ഭയങ്കര കൂവൽ. കൂവൽ എന്ന് പറഞ്ഞാൽ സിനിമ കഴിയുന്നതുവരെ കൂവൽ. ഒരു വാക്കുപോലും കേൾക്കുന്നില്ല. അവസാനം ക്ലൈമാക്സ് സീക്വൻസിൽ ഞാൻ കൈ ഇങ്ങനെ കാണിക്കുന്ന സീൻ ഉണ്ടല്ലോ. അവിടെ ക്ലാപ്പ് വന്നു. അത് കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ അത്ര സംതൃപ്തനായിരുന്നില്ല. ഇതെന്താണ് ഇങ്ങനെ കൂവൽ എന്ത് പറ്റി എന്ന് എനിക്ക് തോന്നിപ്പോയി.

സാറിനെ വിളിച്ചപ്പോൾ സാർ പറഞ്ഞു, പലയിടത്തും അങ്ങനെയാണെന്ന്. മനപ്പൂർവം അങ്ങനെ ചെയ്യുന്നുണ്ട് എന്ന്. ‘അതിനിപ്പോൾ നമ്മൾ എന്ത് ചെയ്യാനാ’ എന്ന് ചോദിച്ചു. അത് ഞാൻ ഫസ്റ്റ് ഡേ ആ തിയേറ്ററിൽ ഇരുന്ന് അനുഭവിച്ച ഒരാളാണ്. അതൊക്കെ വലിയൊരു വിഷമമായിരുന്നു. സിനിമ കാണാൻ വരുന്നവർക്ക് ഒരു വാക്കുപോലും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള ശബ്ദവും കൂവലുമായിരുന്നു തിയേറ്ററിൽ അന്നുണ്ടായിരുന്നത്.

പിന്നെ നമ്മൾ തന്നെ ആ സിനിമയ്ക്ക് വേണ്ടി ഇറങ്ങി. സിനിമയിൽ അഭിനയിച്ചിട്ടുള്ള ചെറിയ ആളുകളും ഒക്കെ ആയിട്ട് ഒരു വണ്ടിയിൽ യാത്ര ചെയ്തിട്ട് തിയേറ്ററുകൾ സന്ദർശിച്ചു. അതുകഴിഞ്ഞ്, എന്റെ ഓർമ ശരിയാണെങ്കിൽ, 84 ദിവസം വരെ തിയേറ്ററിൽ ചിത്രം ഓടി. അതൊക്കെ ആലോചിക്കുമ്പോൾ സന്തോഷമാണ്. പൃഥ്വിരാജിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ പുറത്താണ് അങ്ങനെ ഒരു കൂവൽ ഉണ്ടായതെന്ന് എനിക്ക് അറിയില്ല. അന്ന് എനിക്ക് അതൊന്നും അറിയില്ലായിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം സിനിമയിലെ പൊളിറ്റിക്സ് ഒന്നും അന്ന് അറിയുന്ന കാലമല്ലായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയും കാര്യങ്ങളൊക്കെ കയ്യിലുള്ളതുകൊണ്ട് എല്ലാം നമുക്ക് അറിയാൻ പറ്റും.

സിനിമയുടെ ഫസ്റ്റ് ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. വിമാനം തകർന്നവർ അകത്ത് കയറിത്തുടങ്ങുന്നത് മുതലായിരുന്നു തിയേറ്ററിൽ പ്രശ്നം. പക്ഷേ എനിക്ക് അന്നൊരു സന്തോഷമെന്ന് പറയുന്നത്, കലഹിച്ചുകൊണ്ടിരിക്കുന്ന ആ ഒരു സ്ഥലത്ത് നിന്ന് ക്ലൈമാക്സ് സീനിൽ ഇവരെല്ലാവരും കൈയടിച്ചത് ഇപ്പോഴും എന്റെ മനസിലുണ്ട്. അത് കലാകാരന് കിട്ടുന്ന അംഗീകാരമാണ്. സന്തോഷം തോന്നിയ ഒരു നിമിഷമാണ് അത്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ഞാൻ പോയി സിനിമ ഫുൾ ആയിട്ട് അതായത് ശബ്ദമില്ലാതെ ബഹളം ഒന്നുമില്ല കണ്ടത്; പക്രു പറഞ്ഞു.

Content Highlights:  Guinness Pakru shares his theatre experiences associated with the Malayalam film Albhutadweep, recalling memories connected to the film and its theatrical journey.

dot image
To advertise here,contact us
dot image