ഇൻഡിഗോ യാത്രക്കാർക്ക് അധിക ചെലവ്;കുഞ്ഞുങ്ങൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കും നിരക്ക് കൂട്ടി

നേരത്തെ 2,200 രൂപയായിരുന്ന ഇൻഫന്റ് ചാർജ് ഒരൊറ്റയടിക്ക് 3,000 രൂപയായിട്ടാണ് കമ്പനി ഉയർത്തിയിരിക്കുന്നത്

ഇൻഡിഗോ യാത്രക്കാർക്ക് അധിക ചെലവ്;കുഞ്ഞുങ്ങൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കും നിരക്ക് കൂട്ടി
dot image

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ, വിമാന ടിക്കറ്റ് ഇതര സേവനങ്ങൾക്കുള്ള നിരക്കുകൾ ഗണ്യമായി വർദ്ധിപ്പിച്ചു. കുഞ്ഞുങ്ങളുമൊത്തുള്ള യാത്ര, മുതിർന്നവരുടെ തുണയില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സേവനം, അധിക ലഗേജ് എന്നിവയ്ക്കുള്ള നിരക്കുകളാണ് പ്രധാനമായും വർദ്ധിപ്പിച്ചിരിക്കുന്നത്. വ്യോമയാന മേഖലയിലെ വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും, പ്രത്യേകിച്ച് വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവുമാണ് നിരക്കുകൾ പെട്ടെന്ന് കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് വ്യോമയാന മേഖലയിലെ വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

പുതുക്കിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ കുഞ്ഞുങ്ങളുമൊത്ത് യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ വലിയൊരു തുക അധികമായി നൽകേണ്ടിവരും. നേരത്തെ 2,200 രൂപയായിരുന്ന ഇൻഫന്റ് ചാർജ് ഒരൊറ്റയടിക്ക് 3,000 രൂപയായിട്ടാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ ഈ നിരക്കുകളിൽ വ്യത്യാസമുണ്ടാകും. വ്യോമയാന നിയമപ്രകാരം 3 ദിവസം പ്രായമുള്ള കുട്ടികൾ മുതൽ 2 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഇൻഫന്റ് അഥവാ കുഞ്ഞുങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. 2 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സാധാരണ ടിക്കറ്റ് നിരക്ക് തന്നെ നൽകേണ്ടതുണ്ട്.

ഇതിനുപുറമേ, രക്ഷിതാക്കളോ മറ്റ് മുതിർന്നവരോ ഒപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള നിരക്കുകളും ഇൻഡിഗോ പരിഷ്കരിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ വിവരങ്ങൾ പ്രകാരം, ഇത്തരം കുട്ടികൾക്കായി ആഭ്യന്തര വിമാനങ്ങളിൽ 5,999 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 12,999 രൂപയും നിരക്കായി ഈടാക്കും. എയർപോർട്ടുകളിൽ അതിവേഗ ചെക്ക്-ഇൻ സാധ്യമാക്കുന്ന 'ഫാസ്റ്റ് ഫോർവേഡ്' സേവനങ്ങൾക്ക് 650 രൂപയും, യാത്ര ചെയ്തതുമായി ബന്ധപ്പെട്ട 'ട്രാവൽ സർട്ടിഫിക്കറ്റ്' ലഭിക്കുന്നതിന് 300 രൂപയും ഈടാക്കുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയിൽ ഏകദേശം 67.4 ശതമാനത്തോളം പങ്ക് കൈയാളുന്ന ഇൻഡിഗോയുടെ ഈ നിരക്ക് വർദ്ധനവ് സാധാരണക്കാരായ ലക്ഷക്കണക്കിന് യാത്രക്കാരെ നേരിട്ട് ബാധിക്കും. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ജൂലൈ മാസത്തിലും വിപണിയിൽ വലിയ മേധാവിത്വമാണ് കമ്പനി പുലർത്തിയിരുന്നത്. ടിക്കറ്റ് നിരക്കുകൾക്ക് പുറമേയുള്ള ഇത്തരം അഡീഷണൽ സർവീസ് ചാർജുകൾ വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ ഇൻഡിഗോയുടെ വക്താക്കൾ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.

Content Highlights:IndiGo has increased charges for several ancillary services beyond the basic airfare. The domestic infant fee has been raised from ₹2,200 to ₹3,000. Children aged from 3 days to under 2 years are classified as infants for the applicable service.

dot image
To advertise here,contact us
dot image