

വിദേശത്ത് ജോലി നേടി ഉയർന്ന വരുമാനം നേടുകയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് ജർമ്മനിയിൽ ആറ് വർഷമായി ജോലി ചെയ്യുന്ന തനുജ് എന്നയാള്‍ പങ്കുവെക്കുന്നത്. വിദേശത്തെ ശമ്പളക്കണക്കുകൾ യഥാർത്ഥ ജീവിതത്തിൽ സമ്പാദ്യമായി മാറണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു. പ്രതിവർഷം 70,000 യൂറോ (ഏകദേശം 77 ലക്ഷം ഇന്ത്യൻ രൂപ, മാസം ഏകദേശം 6.4 ലക്ഷം) ശമ്പളം എന്നത് കടലാസിൽ വലിയൊരു തുകയായി തോന്നുമെങ്കിലും, ജർമ്മനിയിലെ ഉയർന്ന നികുതിയും ജീവിതച്ചെലവും കാരണം ഇതിന്റെ വലിയൊരു പങ്ക് ബാങ്ക് അക്കൗണ്ടിൽ കാണാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
വരുമാനത്തിന്റെ 40 ശതമാനത്തോളം നികുതിയായും സാമൂഹിക സുരക്ഷാ വിഹിതമായും പോകുന്നതിനു പുറമെ പ്രധാന നഗരങ്ങളിലെ വീട്ടുവാടക മാത്രം പ്രതിമാസം 1,500 യൂറോയിലധികമാകും. ഉയർന്ന വൈദ്യുതി-ഇന്റർനെറ്റ് നിരക്കുകൾ, നിർബന്ധിത ഇൻഷുറൻസ് ചെലവുകൾ, പുറത്തുനിന്നുള്ള ഭക്ഷണം, മറ്റ് സർവീസ് ചാർജുകൾ എന്നിവ കൂടിയാകുമ്പോൾ കാര്യമായ സമ്പാദ്യം ബാക്കിയാവില്ല.
പർച്ചേസിങ് പവർ പാരിറ്റി (PPP) അഥവാ വാങ്ങൽ ശേഷി പ്രകാരം താരതമ്യം ചെയ്താൽ ജർമ്മനിയിലെ ഈ 70,000 യൂറോ ഇന്ത്യയിലെ 32 മുതൽ 35 ലക്ഷം രൂപയുടെ ശമ്പളത്തിന് തുല്യമാണെന്നും, അതിനാൽ ഇന്ത്യയിലെ മികച്ച ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് പുറപ്പെടും മുൻപ് ഇരുവട്ടം ചിന്തിക്കണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കുന്നു.
തനുജിന്റെ പോസ്റ്റ് പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. കേവലം കറൻസി നിരക്കുകൾ കണ്ട് വിദേശത്തേക്ക് പോകുന്നവർക്ക് കണ്ണ് തുറപ്പിക്കുന്ന അനുഭവമാണിതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, വിദേശയാത്രകൾ പണത്തിനു വേണ്ടി മാത്രമല്ലെന്നും മികച്ച ജീവിതനിലവാരം, അന്താരാഷ്ട്ര എക്സ്പോഷർ, പ്രമുഖ കമ്പനികളിലെ തൊഴിൽ പരിചയം എന്നിവ ലക്ഷ്യമിട്ടാണെന്നും മറ്റു ചിലർ വാദിക്കുന്നു.
കൂടാതെ, ഇംഗ്ലീഷ് ഭാഷ മാത്രം അറിയാവുന്നവർക്ക് നിലവിൽ ജർമ്മനിയിൽ അവസരങ്ങൾ പരിമിതമാണെന്നും മികച്ച ജർമ്മൻ ഭാഷാ പ്രാവീണ്യം (B2 അല്ലെങ്കിൽ C1 ലെവൽ) ഉണ്ടെങ്കിൽ മാത്രമേ നഴ്സിംഗ്, ട്രക്ക് ഡ്രൈവിംഗ്, കാർപെന്ററി തുടങ്ങിയ മേഖലകളിൽ പോലും ജോലി ഉറപ്പാക്കാനാകൂ എന്നും ചില ഉപയോക്താക്കൾ പ്രതികരിച്ചു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർ ശമ്പളക്കണക്കുകൾക്കപ്പുറം അവിടുത്തെ നികുതി സമ്പ്രദായവും ജീവിതച്ചെലവുകളും കൃത്യമായി മനസ്സിലാക്കി വേണം തീരുമാനമെടുക്കാൻ എന്ന വലിയൊരു മുന്നറിയിപ്പാണ് ഈ ചർച്ചകൾ നൽകുന്നത്.
Content Highlights: A young Indian working in Germany reportedly earns around Rs 6.4 lakh per month but says a significant portion goes towards living expenses, leaving limited savings. His experience highlights the importance of considering taxes, rent, daily expenses and other costs when comparing overseas salaries with earnings in India. Individual expenses and savings can vary significantly depending on location and lifestyle.