ഇന്ധനവില വർധനവിന്റെ ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല; ഭാരം കേന്ദ്ര സർക്കാർ ഏറ്റെടുത്തു: ഹർദീപ് സിംഗ്

ഇന്ധന കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 24 രൂപയും ഡീസൽ ലിറ്ററിന് 30 രൂപയും വീതം നഷ്ടം നേരിടുന്ന ഘട്ടമാണ് ഇത്

ഇന്ധനവില വർധനവിന്റെ ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല; ഭാരം കേന്ദ്ര സർക്കാർ ഏറ്റെടുത്തു: ഹർദീപ് സിംഗ്
dot image

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിപ്പിക്കാതെ സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളെയും തുടർന്ന് ഉണ്ടായ അനിശ്ചിതത്വം ജനജീവിതത്തെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ബാധ്യത സ്വന്തം നിലയിൽ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യാന്തര വിപണിയിൽ ബാരലിന് 70 ഡോളർ എന്ന നിരക്കിൽനിന്ന് 122 ഡോളറിലേക്കാണ് അസംസ്കൃത എണ്ണവില ഉയർന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 30 മുതൽ 50 ശതമാനവും, വടക്കേ അമേരിക്കയിൽ 30 ശതമാനവും, യൂറോപ്പിൽ 20 ശതമാനവും, ആഫ്രിക്കൻ രാജ്യങ്ങളിൽ 50 ശതമാനത്തോളവും ഇന്ധനവില വർധിച്ചു.

ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളെപ്പോലെ വലിയ തോതിൽ വില വർധിപ്പിക്കുകയോ അല്ലെങ്കിൽ ജനങ്ങളെ സംരക്ഷിക്കാൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയോ ചെയ്യുക എന്നീ രണ്ട് വഴികളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതലുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ട് ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 24 രൂപയും ഡീസൽ ലിറ്ററിന് 30 രൂപയും വീതം നഷ്ടം നേരിടുന്ന ഘട്ടത്തിലാണ് നികുതി വരുമാനത്തിൽ വലിയ വിട്ടുവീഴ്ച വരുത്തി സർക്കാർ വിപണിയിൽ ഇടപെട്ടതെന്ന് പുരി പറഞ്ഞു. അതേസമയം, ആഭ്യന്തര വിപണി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഇന്ധന കയറ്റുമതിക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.

പെട്രോളും ഡീസലും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ റിഫൈനറികളും ഈ നികുതി നൽകാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ സാധാരണക്കാരെ ഇന്ധനവിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഈ ധീരമായ തീരുമാനം കൈക്കൊണ്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Content Highlights: Union Petroleum Minister Hardeep Singh Puri said the Centre has chosen to absorb the impact of higher international crude oil prices rather than pass the full burden on to consumers. The government reduced excise duty on petrol and diesel in March 2026 while retail fuel prices remained unchanged. Puri said the measures were aimed at shielding consumers from global oil price volatility.

dot image
To advertise here,contact us
dot image