'ചെലവ് തിരിച്ചുപിടിക്കാം; ഒരാളും കറൻസിയിലേക്ക് മടങ്ങാൻ പോകുന്നില്ല'; 'യുപിഐ ഫീസി'ൽ RBI ഡെപ്യൂട്ടി ഗവർണർ

ബംഗാൾ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു പടിപടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

'ചെലവ് തിരിച്ചുപിടിക്കാം; ഒരാളും കറൻസിയിലേക്ക് മടങ്ങാൻ പോകുന്നില്ല'; 'യുപിഐ ഫീസി'ൽ RBI ഡെപ്യൂട്ടി ഗവർണർ
dot image

യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി മൂലം ആരും കറൻസിയിലേക്ക് തിരിച്ചുപോകില്ലെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എസ് സി മുർമു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ചെലവുകൾ തിരികെപ്പിടിക്കാൻ യുപിഐ ഫീസ് സഹായിക്കുമെന്നും യുപിഐ ഇടപാടുകളിലേക്ക് ആളുകൾ വ്യാപകമായി മാറിയതിനാൽ കറൻസിയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും മുർമു പറഞ്ഞു. യുപിഐ ഫീസ് ഒരു സ്വാധീനവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാൾ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു പടിപടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, യുപിഐ ഫീസിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോഴും ഒരിഞ്ച് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.പ്രതിപക്ഷവും സംഘപരിവാർ അനുഭാവ സംഘടനകളും എതിർപ്പുയർത്തിയിട്ടും പിന്നോട്ടില്ല എന്നുതന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ആരുടേയും സ്വാധീനം ഇല്ലാതെ കേന്ദ്രം സ്വതന്ത്രമായാണ് ഈ തീരുമാനമെടുത്തത് എന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും, താങ്ങാനാവുന്നതുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും കേന്ദ്രം വിശദീകരിച്ചു.

ബിജെപി-ആർഎസ്എസ് അനുഭാവ സംഘടനകളിൽ നിന്നുവരെ വിയോജിപ്പ് ഉയരുന്നതിന് പിന്നാലെയും കൂടിയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ആർഎസ്എസ് തിങ്ക് ടാങ്ക് 'സ്വദേശി ജാഗരൺ മഞ്ചി'ന്റെ കോ കൺവീനർ അശ്വനി മഹാജൻ നേരത്തെ യുപിഐ ഫീസിനെതിരെ രംഗത്തുവന്നിരുന്നു. അനുചിതമായ തീരുമാനമെന്നും മോദി സർക്കാർ അവ പുനഃപരിശോധിക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. യുപിഐ ബാങ്കുകളുടെ ഇടപാട് ചെലവ് കുറച്ചു. ഉപയോഗം ഇല്ലാത്തതിനാൽ നിരവധി എടിഎമ്മുകളാണ് അടച്ചുപൂട്ടിയത്. സീറോ-എംഡിആർ സംവിധാനത്തിൽ ബാങ്കുകൾ സന്തുഷ്ടരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇടത്തരം-ചെറുകിട കച്ചവടക്കാർ ഉൾപ്പെടുന്ന 'ലഘു ഉദ്യോഗ് ഭാരതി' എന്ന ആർഎസ്എസ് അനുകൂല സംഘടനയും യുപിഐ ഫീസ് വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Also Read:

പ്രതിപക്ഷവും രൂക്ഷവിമർശനമാണ് വിഷയത്തിൽ ഉന്നയിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം നിരവധി നേതാക്കൾ യുപിഐ ഫീസിനെതിരെ രംഗത്തുവന്നിരുന്നു. യുപിഐ ഫീസ് പിൻവലിക്കണമെന്നും കേന്ദ്രസർക്കാർ ഓരോ ഇന്ത്യക്കാരന്റെയും മുകളിൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ് എന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. യുഎസിന് വൻ തുക പണമായി നൽകാനാണ് നീക്കമെന്നും ട്രംപിനെ പ്രീതിപ്പെടുത്താനാണ് സേവന ചാർജ് ഈടാക്കിയത് എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഒക്ടോബർ 15നാണ് യുപിഐക്ക് എംഡിആർ ഏർപ്പെടുത്തിയ നടപടി പ്രാബല്യത്തിൽ വരിക. യുപിഐ വഴി 2,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ 0.4 ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

Also Read:

പുതിയ ഉത്തരവ് പ്രകാരം വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. വ്യാപാരികളില്‍ നിന്ന് മാത്രമാണ് ഈ തുക ഈടാക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് തികച്ചും സൗജന്യമായി യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നറിയപ്പെടുന്ന ഈ ഫീസ് അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആര്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഒരു ഇടപാടിന് പരമാവധി 300 രൂപയാണ് ഈടാക്കുക. അതായത്, ഒരു വ്യാപാരിക്ക് യുപിഐ വഴി 75,000 രൂപയോ അതില്‍ കൂടുതലോ ലഭിക്കുകയാണെങ്കിലും എംഡിആര്‍ ഫീസ് 300 രൂപയില്‍ കൂടില്ല. റെയില്‍വേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: RBI Deputy Governor S C Murmu said introducing fees for UPI transactions will support recovery of digital payment system costs. He added that the growing adoption of UPI means people are unlikely to shift back to cash transactions.

dot image
To advertise here,contact us
dot image