തീരുവ കൂട്ടിയിട്ടും തളർന്നില്ല;യുഎസ് കയറ്റുമതി 21.83% കുതിച്ചു,ചൈനയിലേക്കുള്ള കയറ്റുമതിയിൽ 52.35% വളർച്ച

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുന്ന സമയത്താണ് കണക്കുകൾ പുറത്തുവന്നത്

തീരുവ കൂട്ടിയിട്ടും തളർന്നില്ല;യുഎസ് കയറ്റുമതി 21.83% കുതിച്ചു,ചൈനയിലേക്കുള്ള കയറ്റുമതിയിൽ 52.35% വളർച്ച
dot image

യുഎസ് തീരുവ സമ്മർദ്ദം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ ഓഗസ്റ്റിൽ ശ്രദ്ധേയമായ വളർച്ച. ഇന്ത്യയിൽ നിന്നുള്ള അമേരിക്കയിലേക്കുള്ള ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 21.83 ശതമാനം ഉയർന്ന് 8.4 ബില്യൺ ഡോളറിലെത്തി. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി 52.35 ശതമാനം വർധിച്ച് 1.9 ബില്യൺ ഡോളറായി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വർധന വ്യക്തമാകുന്നത്.

ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ യുഎസിലേക്കും ചൈനയിലേക്കും കയറ്റുമതി ഒരേസമയം ശക്തമായി ഉയർന്നത് ഓഗസ്റ്റിലെ വ്യാപാര കണക്കുകളിലെ പ്രധാന സവിശേഷതയാണ്.അതേസമയം യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 65.78 ശതമാനം ഉയർന്ന് 5.97 ബില്യൺ ഡോളറിലെത്തി.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുന്ന സമയത്താണ് കണക്കുകൾ പുറത്തുവന്നത്. ജൂലൈ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് യുഎസ് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ സാഹചര്യവും നിലവിലുണ്ട്.

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. ഓഗസ്റ്റിൽ കയറ്റുമതി 52.35 ശതമാനം വർധിച്ച് 1.9 ബില്യൺ ഡോളറായി. എന്നാൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇതിലും വളരെ വലുതാണ്. ഓഗസ്റ്റിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 17 ശതമാനം ഉയർന്ന് 12.77 ബില്യൺ ഡോളറായി. അതായത് ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയുടെ ഇറക്കുമതി ഇപ്പോഴും കയറ്റുമതിയെക്കാൾ വളരെ കൂടുതലാണ്.

2026-27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 6.17 ശതമാനം ഉയർന്ന് 42.8 ബില്യൺ ഡോളറായി. ഈ കാലയളവിൽ യുഎസിൽ നിന്നുള്ള ഇറക്കുമതി 29.6 ശതമാനം ഉയർന്ന് 28 ബില്യൺ ഡോളറായി. ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലയളവിൽ 38.71 ശതമാനം ഉയർന്ന് 9.64 ബില്യൺ ഡോളറായി. എന്നാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 27 ശതമാനം ഉയർന്ന് 65.5 ബില്യൺ ഡോളറിലെത്തി.

ഓഗസ്റ്റിൽ ഇന്ത്യയുടെ കയറ്റുമതി വളർച്ച യുഎസിലും ചൈനയിലും മാത്രം ഒതുങ്ങിയില്ല. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 96.56 ശതമാനം ഉയർന്ന് 9.5 ബില്യൺ ഡോളറിലെത്തി. ജർമനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഓസ്ട്രേലിയ, മലേഷ്യ, ശ്രീലങ്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തി.

അതേസമയം, യുഎഇ, നെതർലാൻഡ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഓഗസ്റ്റിൽ കുറഞ്ഞു. യുഎഇയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം കുറഞ്ഞ് 2.4 ബില്യൺ ഡോളറായി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യയുടെ ഇറക്കുമതി ഭാഗത്തും ചില രാജ്യങ്ങളിൽ വലിയ വർധനയുണ്ടായി. ഒമാനിൽ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റിൽ 157.45 ശതമാനം ഉയർന്ന് 1.64 ബില്യൺ ഡോളറായി. തായ്‌വാനിൽ നിന്നുള്ള ഇറക്കുമതി 108.31 ശതമാനം ഉയർന്ന് 1.6 ബില്യൺ ഡോളറിലെത്തി.

ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയും 132 ശതമാനം വർധിച്ച് 1.12 ബില്യൺ ഡോളറായി. റഷ്യ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജർമനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും വർധന രേഖപ്പെടുത്തി.

Content Highlights: India’s exports surge to key markets: US shipments rise 21.83%, China 52.35% & Singapore 161% in August; check the latest trade data

dot image
To advertise here,contact us
dot image