ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍ മദാദ് ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍

പരാതി നല്‍കുന്നത് മുതല്‍ പരിഹരിക്കുന്നത് വരെയുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ റെയില്‍വേ

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍ മദാദ് ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
dot image

ട്രെയിന്‍ യാത്രയ്ക്കിടയില്‍ വെള്ളമില്ലാത്തത്, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വക്കുറവ് തുടങ്ങി പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടിവരാറുണ്ട്. ഇത്തരം പരാതികള്‍ റെയില്‍വേയെ അറിയിക്കാന്‍ സഹായിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് റെയില്‍ മദാദ് ആപ്പ്. എന്നാല്‍ യാത്രക്കാരുടെ പരാതികള്‍ കൂടുതല്‍ കൃത്യമായി രേഖപ്പെടുത്താനും ബന്ധപ്പെട്ട വിഭാഗത്തിലേക്ക് വേഗത്തില്‍ എത്തിക്കാനും റെയില്‍ മദാദ് സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് റെയില്‍വേ.

പരാതികള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കും

ഒരേ തരത്തിലുള്ള പരാതികള്‍ ആവര്‍ത്തിച്ച് ലഭിക്കുന്നുണ്ടെങ്കില്‍ അവ കൃത്യമായി തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. പരാതി ലഭിക്കുന്നതുമുതല്‍ അത് ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ്, എവിടെയാണ് പ്രശ്‌നം, എത്രയും വേഗം എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.

changes coming to the Rail Madad app

വെള്ളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന

ട്രെയിനില്‍ വെള്ളം ലഭിക്കാത്തത് ഉള്‍പ്പെടെയുള്ള പരാതികള്‍ ഇനി കൂടുതല്‍ കൃത്യമായി ബന്ധപ്പെട്ട സ്റ്റേഷനിലേക്കോ വിഭാഗത്തിലേക്കോ എത്തിക്കാന്‍ സംവിധാനം മെച്ചപ്പെടുത്തും. ഇതുവഴി പ്രശ്‌നമുള്ള സ്ഥലത്തെ റെയില്‍വേ ജീവനക്കാര്‍ക്ക് വേഗത്തില്‍ വിവരം ലഭിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാനും കഴിയും.

ഭക്ഷണത്തിന്റെ ഗുണനിലവാരവും നിരീക്ഷിക്കും

വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കും. ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതി ലഭിച്ചാല്‍ അത് കൃത്യമായി രേഖപ്പെടുത്തി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് എത്തിക്കുന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം.

changes coming to the Rail Madad app

പരാതി അവസാനിപ്പിക്കാനുള്ള OTP നടപടിയില്‍ മാറ്റം

പരാതി പരിഹരിച്ചതായി രേഖപ്പെടുത്തുമ്പോള്‍ യാത്രക്കാരില്‍ നിന്ന് OTP ആവശ്യപ്പെടുന്ന നടപടിയിലും മാറ്റം വരുത്താനുള്ള നീക്കമുണ്ട്. ഇതുവഴി പരാതി അവസാനിപ്പിക്കുന്ന പ്രക്രിയ യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

ട്രെയിനിലെയും സ്റ്റേഷനിലെയും പരാതികള്‍ വേര്‍തിരിക്കും

ട്രെയിനില്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്റ്റേഷനില്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രത്യേകം തിരിച്ചറിഞ്ഞ് രജിസ്റ്റര്‍ ചെയ്യാനും നിരീക്ഷിക്കാനും കഴിയും. ഇതുവഴി പരാതി ശരിയായ വിഭാഗത്തിലേക്ക് എത്തിക്കുകയും പരിഹാരനടപടി വേഗത്തിലാക്കുകയും ചെയ്യാം.

changes coming to the Rail Madad app

PNR, QR കോഡ് ഉപയോഗിച്ചുള്ള പരാതി സംവിധാനം

ഒരു PNR നമ്പര്‍ ഉപയോഗിച്ച് ഒരേ വിഷയത്തില്‍ ഒന്നിലധികം പരാതികള്‍ നല്‍കുന്ന സാഹചര്യം നിയന്ത്രിക്കാനും പുതിയ സംവിധാനം സഹായിക്കും. PNR, QR കോഡ് തുടങ്ങിയ വിവരങ്ങളുടെ സഹായത്തോടെ പരാതികളെ കൂടുതല്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലേക്ക് സംവിധാനം മാറും. ഇതുവഴി ആവര്‍ത്തിച്ചുള്ള പരാതികള്‍ തിരിച്ചറിയുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കാം.

പുതിയ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം പരാതികളുടെ എണ്ണം കുറയ്ക്കുക എന്നതല്ല. ലഭിക്കുന്ന പരാതികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ വിഭാഗത്തിലേക്ക് വേഗത്തില്‍ എത്തിക്കുകയും പരിഹാരം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. വെള്ളം, ഭക്ഷണം, ശുചിത്വം തുടങ്ങി യാത്രയ്ക്കിടെ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കൃത്യമായ നിരീക്ഷണം സാധ്യമാകുന്നതോടെ റെയില്‍ മദാദ് സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

Content Highlights :Railways to make the grievance redressal process—from filing to resolution—more efficient

dot image
To advertise here,contact us
dot image