

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ വിമർശിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും കെ ടി ജലീൽ പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തൽ, മാധ്യമ പ്രവർത്തകരുടെ വീടുകൾ ഇടിച്ചു നിരത്തൽ, പേരുചോദിച്ച് ജേർണലിസ്റ്റുകളെ ഭേദ്യം ചെയ്യൽ, ഇവയൊക്കെ കേരളത്തിലേക്കും പറിച്ചുനട്ടു തുടങ്ങുന്നതിൻ്റെ സൂചനയാണോ ന്യൂസ് ഡസ്കിൽ പോലീസെത്തിയ സംഭവമെന്നും ജലീൽ ചോദിച്ചു. ഇന്ന് റിപ്പോർട്ടറിനെ തേടിയെത്തി.നാളെ അവർ നിങ്ങളെയും തേടിയെത്തുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
'മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ? കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതും. സമ്മതമില്ലാതെ അകത്തു കടന്ന മാധ്യമപ്പടയോട് പുറത്തു കടക്കാൻ പറഞ്ഞ അന്നത്തെ മുഖ്യമന്ത്രിയെ എത്രമാത്രമാണ് മാധ്യമ വിചാരണക്കാർ കുരിശിലേറ്റിയത്! ആ ആവേശമൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ?
പൊലീസ് ന്യൂസ് ഡെസ്കിൽ കയറുന്ന നിമിഷം എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് മേൽ ചങ്ങല വീഴുകയാണെന്ന റിപ്പോർട്ടർ ടി.വിയുടെ അഭിപ്രായം വളരെ പ്രസക്തമാണ്. ഈ കടന്നുകയറ്റം റിപ്പോർട്ടറിൻ്റെ മാത്രം പ്രശ്നമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു നേർക്കുള്ള നഗ്നമായ കയ്യേറ്റമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തൽ, മാധ്യമ പ്രവർത്തകരുടെ വീടുകൾ ഇടിച്ചു നിരത്തൽ, പേരുചോദിച്ച് ജേർണലിസ്റ്റുകളെ ഭേദ്യം ചെയ്യൽ, ഇവയൊക്കെ കേരളത്തിലേക്കും പറിച്ചുനട്ടു തുടങ്ങുന്നതിൻ്റെ സൂചനയാണോ ന്യൂസ് ഡസ്കിൽ പോലീസെത്തിയ സംഭവം?
റിപ്പോർട്ടർ ടീവിയുടെ ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കയറി മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്ത് പരിശോധന നടത്തുന്നത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. ഇതൊരു കൈപ്പിഴയായി കാണാനാവില്ല. പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞ് നോട്ടീസ് കൊടുത്താൽ നാട് വിടുന്നവരൊന്നുമല്ല മാധ്യമപ്രവർത്തകർ. പരാതിയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കട്ടെ. തെളിവുകൾ സത്യമെങ്കിൽ അറസ്റ്റു ചെയ്യട്ടെ. പക്ഷെ ന്യൂസ് ഡെസ്ക്കിൽ നേരിട്ടെത്തി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതി ഒരുനിലക്കും അംഗീകരിക്കാനാവില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള തന്ത്രമല്ലാതെ മറ്റെന്താണിത്?
പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന എത്രയെത്ര വാർത്തകളാണ് ലീഗ്-കോൺഗ്രസ് സൈബർ ഗുണ്ടകൾ ഇവിടെ പടച്ചു വിട്ടത്! പിണറായിയോളം രാഷ്ട്രീയ എതിരാളികളാൽ അധിക്ഷേപിക്കപ്പെടുകയും വ്യക്തിഹത്യ നടത്തപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ വേറെ ഉണ്ടാകില്ല. ഇടതുപക്ഷത്തിന് തുടർഭരണം നേടിക്കൊടുത്ത തെറ്റല്ലാതെ മറ്റൊന്നും പിണറായി ചെയ്തതായി നമുക്കറിയില്ല. എന്നിട്ടും പത്രങ്ങളുടെ ന്യൂസ് റൂമുകളിലേക്ക് ഒരു പോലീസും ആരെയും തേടി എത്തിയിട്ടില്ല.
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയ്ത മുന്നൊരുക്കങ്ങൾക്ക് സമാനമാണിതെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ എങ്ങനെ നിരാകരിക്കും? കേന്ദ്രവും കേരളവും ഭരിക്കുന്നത് ഒരേ സർക്കാറാണെന്ന പ്രതീതി വെറുതെ ഉണ്ടായതല്ല. ബിജെപി ഭരണത്തിലുള്ളതിനെക്കാൾ സുന്ദരമായി ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ സാധിക്കും വിധം കേരളത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. അതിൻ്റെ അടയാളങ്ങൾ എല്ലായിടങ്ങളിലും ദൃശ്യമാണ്.
കേരളത്തിലെ സർവകലാശാലകൾ RSS നിയന്ത്രണത്തിലായിക്കഴിഞ്ഞു. ആർ.എസ്.എസ്സിൻ്റെ ബാലസംഘടനയായ 'ബാലഗോകുലം' സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളിൽ വൈസ് ചാൻസലർമാർ പങ്കെടുത്തത് കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആർ.എസ്.എസ് മുൻകയ്യെടുത്ത് വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ വിസിമാർ സ്ഥിരമായി പങ്കെടുക്കുന്നു. എല്ലാ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ''വന്ദേമാതരം'' മുഴുവൻ ആലപിക്കുന്നത് പതിവായിക്കഴിഞ്ഞു.
നാമമാത്ര കേന്ദ്രസഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾ അവരുടെ ഫണ്ടും സംസ്ഥാന സർക്കാറിൻ്റെ വിഹിതവും ഉപയോഗിച്ചു പണിയുന്ന വീടുകളുടെ മുന്നിൽ മോദി സർക്കാരിൻ്റെ "എംബ്ലം" പതിപ്പിക്കാമെന്ന് തീരുമാനിച്ചതും നാം കണ്ടു.
പാലത്തായി കേസിൽ ഇടതു സർക്കാരിൻ്റെ കാലത്ത് ജീവപര്യന്തം തടവിനു ശിക്ഷിച്ച് ജയിലിലടക്കപ്പെട്ട ആർ.എസ്.എസ് നേതാവായ ഒന്നാം പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം ലഭ്യമാകാൻ അവസരമൊരുക്കിയ സതീശൻ സർക്കാർ സത്യത്തിൽ BJP സർക്കാർ തന്നെയല്ലേ? പി.എം ശ്രീയുടെ ഗുണഗണങ്ങൾ ഇന്നേറ്റവുമധികം പാടിപ്പറയുന്നത് സംഘികളല്ല, കോസംഘികളും മുലീസംഘികളുമാണ്. സർവകലാശാലാ അങ്കണങ്ങളിൽ വന്ദേമാതരം പാടിയതിനെതിരെ പ്രതിഷേധിച്ച SFI- ക്കാരെ മൃഗീയമായി തല്ലിച്ചതച്ച സതീശൻ്റെ പോലീസ് യോഗി ആദിത്യനാഥിൻ്റെ പോലീസിനെയും കടത്തി വെട്ടിയതിന് ലോകം സാക്ഷിയായില്ലെ?
കേരളത്തെ കാവി പുതപ്പിക്കാനുള്ള യജ്ഞത്തിൻ്റെ ഭാഗമായി മാത്രമേ മാധ്യമങ്ങൾക്കെതിരായ പോലീസിൻ്റെ ചടുല ഇടപെടലുകളെ കാണാനാകൂ. റിപ്പോർട്ടർ ടീവിയുടെ ന്യൂസ് റൂമിൻ്റെ അകത്തെത്തി അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഫോൺ പരിശോധിച്ച നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. മാധ്യമ സ്ഥാപനങ്ങൾ ഒന്നടങ്കം പോലീസിൻ്റെ "ന്യൂസ്റൂംരാജി"നെതിരെ രംഗത്തു വന്നില്ലെങ്കിൽ നാളെ മറ്റു മാധ്യമങ്ങളുടെ എഡിറ്റോറിയൽ റൂമിലും കാക്കിപ്പടയെത്തും. ഇന്നു നിലവിളിച്ചാലേ നാളെ നിങ്ങളുടെ നിലവിളി കേൾക്കാനും ആളുകളുണ്ടാവൂ'
ഇന്ന് കാലത്താണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരില്‍ പൊലീസ് ഗുണ്ടായിസം അരങ്ങേറിയത്. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ഈ പരിശോധന ഡിജിപി അറിഞ്ഞിട്ടുമില്ല. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെയും ജീവനക്കാരെ തടഞ്ഞുവെച്ചുമാണ് പൊലീസ് പരിശോധന.
Content Highlights: CPI(M) leader K T Jaleel has sharply criticised what he described as police high-handedness and questioned whether police intervention has now reached the news desk of Reporter TV. Jaleel said that developments being seen and heard across various sectors are unlike anything he had witnessed during the previous ten years.