അമ്പടാ പച്ച റോബോട്ടേ!; എന്തുകൊണ്ടാണ് പച്ച റോബോട്ട് ആന്‍ഡ്രോയിഡിന്റെ ലോഗോ ആയി മാറിയത്

ഈ സവിശേഷ ലോഗോയ്ക്കും അതിന്റെ രൂപകല്‍പ്പനയ്ക്കും നിറത്തിനും പിന്നിലെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നല്ലേ?

അമ്പടാ പച്ച റോബോട്ടേ!; എന്തുകൊണ്ടാണ് പച്ച റോബോട്ട് ആന്‍ഡ്രോയിഡിന്റെ ലോഗോ ആയി മാറിയത്
dot image

ആന്‍ഡ്രോയിഡ് എന്ന പേര് ഓര്‍മ്മ വരുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഒരു ചെറിയ പച്ച റോബോട്ടാണ് അല്ലേ? തലയില്‍ രണ്ട് ആന്റിനകളുള്ള ഈ കുഞ്ഞന്‍ റോബോട്ട് ഇന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പരിചിതമാണ്. വലിയ ടെക് കമ്പനികളുടെ ലോഗോകള്‍ക്കിടയില്‍ ഇത്രയും ലളിതമായൊരു റോബോട്ട് എങ്ങനെ ഇത്ര വലിയ ബ്രാന്‍ഡിന്റെ അടയാളമായി മാറി എന്നറിയാം.

മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലെ സൗഹൃദം

2007-ല്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചപ്പോള്‍ അതിന് എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ആവശ്യമായിരുന്നു. സാങ്കേതികവിദ്യയെ വളരെ സങ്കീര്‍ണമോ ഭയപ്പെടുത്തുന്നതോ ആയി തോന്നിക്കാതെ, ആളുകളുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്ന ഒന്നായിരുന്നു വേണ്ടത്. അങ്ങനെയാണ് ഒരു ചെറിയ റോബോട്ടിന്റെ രൂപം ആന്‍ഡ്രോയിഡിന്റെ മുഖമായി മാറുന്നത്.

റോബോട്ട് എന്ന ആശയം തന്നെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിനെ വളരെ സങ്കീര്‍ണമാക്കാതെ തല, ശരീരം, രണ്ട് ആന്റിനകള്‍, കൈകാലുകള്‍ എന്നിങ്ങനെ വളരെ ലളിതമായാണ് രൂപകല്‍പ്പന ചെയ്തത്. അതുകൊണ്ടാണ് ചെറിയ കുട്ടികള്‍ക്ക് പോലും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന രൂപമായി ഈ റോബോട്ട് മാറിയത്.

Android logo  green robot

Also Read:

ആരാണ് പച്ച റോബോട്ട് രൂപകല്‍പ്പന ചെയ്തത്?

ഈ പ്രശസ്ത റോബോട്ടിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ ഗൂഗിള്‍ ഡിസൈനറായ ഐറിന ബ്ലോക്ക് ആണ്. ആളുകള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന അതേസമയം എവിടെയും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു കഥാപാത്രം സൃഷ്ടിക്കുകയായിരുന്നു ഐറിനയുടെ ലക്ഷ്യം. അതിനായി വളരെ ലളിതമായ ആകൃതികളാണ് ഉപയോഗിച്ചത്. പ്രത്യേകിച്ച് മുഖത്തെ രണ്ട് കണ്ണുകളും തലയിലെ ആന്റിനകളും റോബോട്ടിനെ വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചു.

എന്തിനാണ് പച്ച നിറം?

ഇതാണ് റോബോട്ടിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡിന്റെ പച്ച നിറത്തിന് പിന്നില്‍ വലിയ സാങ്കേതിക കാരണമൊന്നുമില്ല. മറ്റ് ടെക് ബ്രാന്‍ഡുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന നീല, കറുപ്പ്, ചാര നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണില്‍ പെടുന്നതും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതുമായ പച്ച തിരഞ്ഞെടുക്കുകയായിരുന്നു.അങ്ങനെ പച്ച നിറവും റോബോട്ടും ഒരുമിച്ചപ്പോള്‍ അത് ആന്‍ഡ്രോയിഡിന്റെ സ്വന്തം തിരിച്ചറിയല്‍ ചിഹ്നമായി മാറി. കാലം കഴിഞ്ഞപ്പോള്‍ ആ പച്ച നിറം കണ്ടാല്‍ തന്നെ ആന്‍ഡ്രോയിഡ് എന്ന് ആളുകള്‍ തിരിച്ചറിയുന്ന അവസ്ഥയെത്തി.

Android logo  green robot

പേര് 'ബഗ്ഡ്രോയിഡ്' എന്നായതെങ്ങനെ?

ആന്‍ഡ്രോയിഡിന്റെ പച്ച റോബോട്ടിന് ഔദ്യോഗികമായി BugDroid എന്ന പേരും ഉപയോഗിക്കാറുണ്ട്. ആദ്യകാല ആന്‍ഡ്രോയിഡ് ബ്രാന്‍ഡിംഗില്‍ ഈ കഥാപാത്രം പ്രധാനപ്പെട്ട ഭാഗമായിരുന്നു. പിന്നീട് ഗൂഗിള്‍ ലോഗോയിലും ബ്രാന്‍ഡിംഗിലും പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും റോബോട്ടിന്റെ അടിസ്ഥാന രൂപം നിലനിര്‍ത്തി.

2023-ല്‍ ആന്‍ഡ്രോയിഡ് ബ്രാന്‍ഡിംഗിന് വീണ്ടും വലിയൊരു മാറ്റം കൊണ്ടുവന്നു. ANDROID എന്ന പേര് വലിയക്ഷരത്തില്‍ അവതരിപ്പിക്കുകയും റോബോട്ടിന്റെ രൂപം പുതുക്കുകയും ചെയ്തു. പഴയ ലളിതമായ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഈ മാറ്റം.

Android logo  green robot

ലളിതമായൊരു റോബോട്ട്, വലിയൊരു തിരിച്ചറിയല്‍

ആന്‍ഡ്രോയിഡിന്റെ പച്ച റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലാളിത്യമാണ്. വളരെ കുറച്ച് വരകളും ആകൃതികളും മാത്രം ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നിന്റെ മുഖം സൃഷ്ടിച്ചത്. ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ടിവികള്‍, കാറുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളുമായി ആന്‍ഡ്രോയിഡ് ബന്ധപ്പെട്ടിരിക്കുന്നു. അവിടെയെല്ലാം ഈ പച്ച റോബോട്ടിന്റെ സാന്നിധ്യവും കാണാം.

അതുകൊണ്ടുതന്നെ ഇത് വെറുമൊരു ലോഗോ അല്ല. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ലളിതമായൊരു പ്രതീകമായി മാറിയ കഥാപാത്രമാണ് ആന്‍ഡ്രോയിഡിന്റെ ഈ പച്ച റോബോട്ട്.

Content Highlights :Why did the green robot become the Android logo? You might be wondering about the unique features behind this logo, its design, and its color.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image