

ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിച്ചതിന് പിന്നാലെ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളിലേക്കും നിർമ്മാണം വ്യാപിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയെ ആപ്പിളിന്റെ പ്രധാന നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സാധ്യതകൾ.
നിലവിൽ ഇന്ത്യയിൽ ആപ്പിളിന്റെ പ്രധാന ശ്രദ്ധ ഐഫോൺ നിർമാണത്തിലാണ്. എന്നാൽ, രാജ്യത്തെ വിതരണ ശൃംഖല ശക്തമാകുന്നതും ഉൽപ്പാദന ശേഷി വർധിക്കുന്നതും കണക്കിലെടുത്ത് ഐഫോണിന് പുറമെ മറ്റ് ഉൽപ്പന്നങ്ങളുടെ നിർമാണവും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് കമ്പനി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ആപ്പിളിന്റെ ഉൽപ്പന്ന നിരയിൽ ഐപാഡ്, മാക്, ആപ്പിൾ വാച്ച്, എയർപോഡുകൾ തുടങ്ങിയവയുണ്ട്. ഇവയിൽ കൂടുതൽ ഉൽപ്പന്നങ്ങളുടെ അസംബ്ലിങ് അല്ലെങ്കിൽ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാനുള്ള സാധ്യതയാണ് ചർച്ചയാകുന്നത്. ഇന്ത്യയിൽ ആപ്പിളിന്റെ നിർമ്മാണ ആവാസവ്യവസ്ഥ വളരുന്നതോടെ കോംബോണന്റ് വിതരണം ഉൾപ്പെടെയുള്ള കമ്പനികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ആപ്പിളിന്റെ ഗ്ലോബൽ സപ്ലൈ ചൈനയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. ചൈനയിലുള്ള നിർമ്മാണ ആശ്രയത്വം കുറച്ച് ഇന്ത്യ -പ്ലസ് -വൺ സ്ട്രാറ്റജി ശക്തമാക്കുകയാണ് കമ്പനികളുടെ പൊതുവായ നീക്കം.
ഇന്ത്യയിൽ ഇതിനകം തന്നെ ഐഫോൺ നിർമാണം വലിയ തോതിൽ നടക്കുന്നുണ്ട്.
പ്രധാന കോൺട്രാക്ട് നിർമാതാക്കളായ ഫോസ്‌കോൺ , ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ വിപുലീകരണവും രാജ്യത്തെ ആപ്പിൾ ആവാസവ്യവസ്ഥയ്ക്ക് കരുത്ത് നൽകുന്നുണ്ട്. ആപ്പിൾ കൂടുതൽ ഉൽപ്പന്നങ്ങളുടെ നിർമാണം ഇന്ത്യയിലേക്ക് മാറ്റുകയാണെങ്കിൽ നിക്ഷേപം, തൊഴിൽ അവസരങ്ങൾ, ഇലക്ട്രോണിക്സ് സപ്ലൈ ചെയിൻ , കോംബോണന്റ് നിർമ്മാണം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കാം.
അതേസമയം, മറ്റ് ഉൽപ്പന്നങ്ങളുടെ നിർമാണം ഇന്ത്യയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ നിർമ്മാണ പദ്ധതികൾ ഘട്ടം ഘട്ടമായി വികസിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ സാധ്യതകൾ ഉയരുന്നത്.
Content Highlights: MacBooks, iPads to be made in India? Ashwini Vaishnaw hints at Apple’s wider manufacturing plans beyond iPhones