

നിർമാണ സാമഗ്രികൾ കയറ്റി അയക്കുന്നതിന് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നടന്ന സതേൺ കൗൺസിൽ യോഗത്തിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ വിജയ്‌യോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിജയ് കേരളത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യം മുന്നിൽക്കണ്ട് തീരുമാനം പുനഃപരിശോധിക്കണം എന്നാണ് വി ഡി സതീശൻ വിജയ്‌യോട് ആവശ്യപ്പെട്ടത്. പിന്നാലെ ഇരു സംസ്ഥാനങ്ങളും ചേർന്ന് ചർച്ചകൾ നടത്താമെന്നും വിഷയത്തിൽ ഒരു ധാരണയിൽ എത്താമെന്നും ഇരു മുഖ്യമന്ത്രിമാരും ചേർന്ന് തീരുമാനിച്ചിരുന്നു. നേരത്തെത്തന്നെ നിയന്ത്രണങ്ങളിൽ ആശങ്ക സംബന്ധിച്ച് വി ഡി സതീശൻ വിജയ്ക്ക് കത്തെഴുതിയിരുന്നു.
കല്ല്, ജെല്ലി, എം സാൻഡ് പോലുള്ള നിർമാണ സാമഗ്രികൾക്കാണ് തമിഴ്നാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു നിയന്ത്രണം. തമിഴ്‌നാട്ടിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായിരുന്നു ഈ നീക്കം. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള നിർമാണ സാമഗ്രികൾ പ്രധാനമായും കേരളത്തിലേക്കാണ് കൊണ്ടുവരുന്നത്.
മൂന്ന് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഇത് സ്ഥിരമാക്കണമെന്ന അഭിപ്രായവും വിവിധ രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചിട്ടുണ്ട്. നിർമാണ മേഖലയിൽ ഉള്ളവരും സമാന അഭിപ്രായമാണ് ഉന്നയിച്ചിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കാരണം തമിഴ്നാട്ടിൽ സാമഗ്രികൾക്ക് വില കൂടുന്നതായാണ് ആരോപണം