ജനാധിപത്യ പ്രക്രിയയുടെ ഇടപെടലിന്റെ ഫലം; മെറ്റ നീക്കിയ വാര്‍ത്തകള്‍ പുനസ്ഥാപിച്ചതില്‍ എം വി ഗോവിന്ദന്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇടപെടല്‍ നന്നായെന്നും എം വി ഗോവിന്ദന്‍

ജനാധിപത്യ പ്രക്രിയയുടെ ഇടപെടലിന്റെ ഫലം; മെറ്റ നീക്കിയ വാര്‍ത്തകള്‍ പുനസ്ഥാപിച്ചതില്‍ എം വി ഗോവിന്ദന്‍
dot image

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ നീക്കിയ വാര്‍ത്തകള്‍ പുനഃസ്ഥാപിച്ച മെറ്റ നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനാധിപത്യപ്രക്രിയയുടെ ഇടപെടലിന് പിന്നാലെയാണ് വാര്‍ത്തകള്‍ പുനഃസ്ഥാപിച്ചതെന്ന് എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇടപെടല്‍ നന്നായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ബോധപൂര്‍വം വാര്‍ത്തകള്‍ ഒഴിവാക്കിയതാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. നേരത്തെ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ എങ്ങനെയാണോ മെറ്റ ഉപയോഗിച്ച് നീക്കിയത് അതുപോലെ മുഖ്യമന്ത്രിക്കെതിരായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലെ വിമര്‍ശനാത്മകമായി വരുന്ന കാര്യങ്ങള്‍ മെറ്റ ഉപയോഗിച്ച് നീക്കുന്നുവെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ആ പറഞ്ഞതും നിങ്ങളുടെ പരാതിയും കൂടി വന്നപ്പോള്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ ഇടപെടാതെ വാര്‍ത്തകളില്‍ മെറ്റ ഇടപെടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ ഉപയോഗപ്പെടുത്തിയാണ് മെറ്റയെ അടിസ്ഥാനപ്പെടുത്തി ഈ നീക്കങ്ങള്‍ ചെയ്തത്. ഞങ്ങള്‍ ഇത് കൃത്യമായി ചൂണ്ടിക്കാട്ടിയതാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.

സെന്‍ഷര്‍ഷിപ്പ് ചെയ്ത റിപ്പോര്‍ട്ടറിന്റെ കാര്‍ഡുകള്‍ മെറ്റ ഇന്ന് പുനഃസ്ഥാപിച്ചിരുന്നു. റിപ്പോര്‍ട്ടറിന്റെ അപ്പീലിലാണ് മെറ്റയുടെ ഇടപെടല്‍ ഉണ്ടായത്. അകാരണമായ മീഡിയ സെന്‍സര്‍ഷിപ്പിനെതിരെ വിശദമായ പരാതി റിപ്പോര്‍ട്ടര്‍ മെറ്റ ഗ്രീവന്‍സ് സെല്ലിന് നല്‍കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും തുടര്‍ച്ചയായി മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ മുഴുവന്‍ കാര്‍ഡുകളും പുനഃസ്ഥാപിച്ചു. മാധ്യമ അടിയാന്തരാവസ്ഥയെന്നായിരുന്നു മെറ്റയുടെ നീക്കത്തെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശിച്ചത്.

റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ചാനലുകളുടെ വാര്‍ത്താ കാര്‍ഡുകള്‍ നീക്കിയത് വലിയ രീതിയില്‍ വിവാദമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. വിഷയത്തില്‍ ചാനലുകള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വാര്‍ത്തകള്‍ നീക്കിയിരുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

Content Highlights: CPIM state secretary M V Govindan said Meta's restoration of previously removed Reporter news reports was the result of democratic intervention.

dot image
To advertise here,contact us
dot image