

മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾ ചേർന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 17.96 കാരറ്റ് വജ്രം കണ്ടെത്തി. പാട്ടത്തിനെടുത്ത ആഴം കുറഞ്ഞ ഒരു പഴയ ഖനിയിൽ നിന്നാണ് ഇവർക്ക് ഈ അമൂല്യ നിധി ലഭിച്ചത്.
അഖിലേഷ് പാലും മറ്റ് ആറ് തൊഴിലാളികളും ചേർന്ന് രണ്ട് വർഷം മുമ്പ് പന്നയിലെ സരോഖ ഗ്രാമത്തിൽ ഒരു ഖനി പാട്ടത്തിനെടുത്തിരുന്നു. എന്നാൽ വജ്രങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഒരു വർഷമായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയ്ക്ക് ശേഷം ഖനി പരിശോധിക്കാനെത്തിയ തൊഴിലാളികൾ, മണ്ണിന്റെ ഉപരിതലത്തിൽ വജ്രം തിളങ്ങി നിൽക്കുന്നത് കാണുകയായിരുന്നു.
ഡയമണ്ട് ഒഫീഷ്യൽ സാക്ഷ്യപ്പെടുത്തിയതനുസരിച്ച്, ഈ വജ്രം 17.96 കാരറ്റ് തൂക്കമുള്ളതും ഏറ്റവും മികച്ച 'ജെം ക്വാളിറ്റി' വിഭാഗത്തിൽ പെടുന്നതുമാണ്. വരാനിരിക്കുന്ന ഒക്ടോബർ മാസത്തിൽ ഈ വജ്രം സർക്കാർ മേൽനോട്ടത്തിൽ ലേലം ചെയ്യും. ഇതിന് ലേലത്തിൽ ഏകദേശം 50 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വജ്രം ലേലം ചെയ്ത ശേഷം ലഭിക്കുന്ന തുകയിൽ നിന്ന് 12% റോയൽറ്റി സർക്കാർ ഈടാക്കും. ബാക്കി വരുന്ന തുക വജ്രം കണ്ടെത്തിയ ഏഴ് തൊഴിലാളികൾക്കുമായി തുല്യമായി വീതിച്ചു നൽകും.
കടക്കെണിയിലും സാമ്പത്തിക ബുദ്ധിമുട്ടിലും കഴിഞ്ഞിരുന്ന ഈ തൊഴിലാളികൾക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, വീട് നിർമ്മാണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ ഈ തുക സഹായിക്കുമെന്ന വലിയ പ്രതീക്ഷയിലാണ്. ഇന്ത്യയുടെ വജ്ര ഹബ്ബ് എന്നറിയപ്പെടുന്ന പന്നയിൽ ഇത്തരം വലിയ കണ്ടെത്തലുകൾ മുൻപും നടന്നിട്ടുണ്ട്.
Content Highlights: Seven daily-wage workers discovered a 17.96-carat diamond in Panna, Madhya Pradesh. The gem-quality diamond is estimated to fetch around ₹50 lakh at auction. The workers found it on the surface of an old shallow mine after heavy rains. The diamond will be auctioned under government supervision in October. After a 12% royalty, the remaining proceeds will be shared equally among the seven workers. The workers hope to use the money for their children’s education, house construction and marriage expenses.