'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ് റിപ്പോർട്ടറിനോട്

പഴയ കേസുകള്‍ തങ്ങള്‍ക്കെതിരായ ആയുധമാക്കുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു

'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ് റിപ്പോർട്ടറിനോട്
dot image

ന്യൂഡൽഹി: ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ച് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ എത്തുമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഐഷി പറഞ്ഞു. ഔദ്യോഗികമായ ചില കാര്യങ്ങള്‍ക്കായി താന്‍ എകെജി സെന്ററില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് സംഘം അവിടെ എത്തുന്നതെന്ന് ഐഷി പറഞ്ഞത്. 2021 ലെ കേസുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി. പഴയ കേസുകള്‍ തങ്ങള്‍ക്കെതിരായ ആയുധമാക്കുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു. പിന്തുണ അറിയിച്ച കേരളത്തിലെ ജനങ്ങള്‍ക്കും സഖാക്കള്‍ക്കും ഐഷി നന്ദി പറയുകയും ചെയ്തു.

ഡല്‍ഹി പൊലീസിന്റേത് പ്രതികാര നടപടിയാണെന്നും ഐഷി ഘോഷ് പറഞ്ഞു. തനിക്കെതിരെ മാത്രമല്ല, നീറ്റ് വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടി തുടരുകയാണ്. പൊലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി പലരും പരാതി ഉയര്‍ത്തുന്നുണ്ട്. പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പ്രതികാര നടപടി തുടരുകയാണ്. പറഞ്ഞ വാക്ക് അവര്‍ പാലിക്കുന്നില്ലെന്നും ഐഷി പറഞ്ഞു.

പൊലീസ് നടപടി സ്വാഭാവികമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെ പി നദ്ദക്കെതിരെയും ഐഷി വിമര്‍ശനം ഉന്നയിച്ചു. മാപ്പ് പറയാന്‍ തങ്ങളുടേത് ആര്‍എസ്എസ് പൈതൃകമല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഐഷി തുടങ്ങിയത്. അറസ്റ്റിനെക്കുറിച്ചല്ല തങ്ങളുടെ ആശങ്കയെന്ന് ഐഷി പറഞ്ഞു. യൂണിഫോമില്ലാതെ, നിയമവിരുദ്ധമായി പാര്‍ട്ടി ഓഫീസില്‍ പൊലീസ് കടന്നതിനെക്കുറിച്ചാണ് തങ്ങള്‍ക്ക് ആശങ്ക. അടിയന്തരാവസ്ഥയുടെ കാലത്ത് സ്‌കൂളില്‍ നിന്ന് തന്നെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്നാണ് ജെ പി നദ്ദ പറഞ്ഞത്. നിലവില്‍ അടിയന്തരാവസ്ഥയാണ് എന്നാണോ നദ്ദ പറയുന്നതെന്നും ഐഷി ആഞ്ഞടിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഐഷി പറഞ്ഞു.

പരീക്ഷാ നടത്തിപ്പില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നമ്മള്‍ ഇത് കാണുകയാണ്. പ്രധാന ചര്‍ച്ച നടക്കുമ്പോഴെല്ലാം പ്രധാനമന്ത്രി പാല്‍ലമെന്റില്‍ ഉണ്ടായിരിക്കില്ല. വിഷയത്തെ ഗൗരവത്തിലല്ല കേന്ദ്രം കാണുന്നതെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. ജെന്‍ സിയെ കേന്ദ്രം കബളിപ്പിക്കുകയാണെന്നും ഐഷി പറഞ്ഞു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശവും ഐഷി ഉയര്‍ത്തി. ടി ജി മോഹന്‍ദാസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് ആര്‍എസ്എസിന്റെ സ്ത്രീ വിരുദ്ധ മനോഭാവമാണെന്ന് ഐഷി ഘോഷ് പറഞ്ഞു. കേരളത്തിലെ ജനങ്ങളും സഖാക്കളും തനിക്ക് നല്‍കിയ പിന്തുണയ്ക്ക് ഐഷി നന്ദി പറയുകയും ചെയ്തു.

Content Highlights- SFI leader Aishe Ghosh alleged that the central government’s action was a retaliatory move. Speaking to Reporter, she said her organisation did not have an RSS heritage to apologise for

dot image
To advertise here,contact us
dot image