

കേരളത്തിലെ റെയിൽവേ വികസനത്തിൽ 2026 - 27 സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് റെക്കോർഡ് തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടിയിലധികം വർധനയാണ് ഉണ്ടായത്. 2009-14 കാലഘട്ടത്തിൽ പ്രതിവർഷം 372 കോടി മാത്രമായിരുന്ന കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടിയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ റെയിൽവേ വികസന പദ്ധതികളുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനായി നിലവിൽ 11,650 കോടി ചെലവ് പ്രതീക്ഷിക്കുന്ന 9 പ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 3 പുതിയ റെയിൽ പാതകളും 6 പാത ഇരട്ടിപ്പിക്കൽ പദ്ധതികളും ഉൾപ്പെടുന്നു. അതേസമയം, അങ്കമാലി–എരുമേലി റെയിൽ പാത ഉൾപ്പെടെയുള്ള ചില പദ്ധതികൾ ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മൂലമാണ് വൈകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പദ്ധതികൾക്കായി ആവശ്യമായ 618 ഹെക്ടർ ഭൂമിയിൽ ഇതുവരെ 78 ഹെക്ടർ (13%) മാത്രമാണ് ലഭ്യമായത്. ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാരിന് ഇതിനകം 1,976 കോടി റെയിൽവേ കൈമാറിയിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാനത്തിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ റെയിൽ പാത ഇരട്ടിപ്പിക്കൽ ജോലികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം–കന്യാകുമാരി, എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ, ആലപ്പുഴ–അമ്പലപ്പുഴ, തുറവൂർ–മാരാരിക്കുളം, മാരാരിക്കുളം–ആലപ്പുഴ തുടങ്ങിയ പാതകളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
സ്റ്റേഷൻ നവീകരണത്തിലും വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളെയാണ് വികസനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ അങ്കമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തിരൂർ, തൃപ്പൂണിത്തുറ, വടകര തുടങ്ങിയ 16 സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
അതേസമയം, എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാസർകോട്, അങ്ങാടിപ്പുറം, പയ്യന്നൂർ, കൊല്ലം ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിലും നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നു.
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേരളം, കർണാടക സംസ്ഥാനങ്ങളിൽ പുതിയ 22 സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് നിരവധി പുതിയ സർവീസുകളും സ്റ്റോപ്പ് സൗകര്യങ്ങളും അനുവദിച്ചതായി മന്ത്രി വ്യകത്മാക്കി.
Content HIghlights:Kerala Railway Budget Allocation Increased Tenfold New Tracks Doubling Works And 35 Stations Development Ashwini Vaishnav