

ന്യൂഡല്‍ഹി: സോനം വാങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി). സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിജെപി സോനം വാങ്ചുക്കിനോട് ആവശ്യം ഉന്നയിച്ചത്. നിങ്ങളുടെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് പേരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്നും സിജെപി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
'നിങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഈ മൂവ്‌മെന്റിനൊപ്പം ചേരാനും ജൂലൈ 20ന് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. ഏതെങ്കിലുമൊരു വ്യക്തിയേക്കാള്‍ പ്രധാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നീതിയെന്ന് നിങ്ങള്‍ തെളിയിച്ചു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ ആവശ്യം. നിങ്ങളുടെ നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നു. പരീക്ഷാ നടത്തിപ്പിലെ നീതിക്കായി ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുകയും പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഈ സമരം സജീവമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ചെയ്യും', സിജെപി കുറിപ്പില്‍ പറയുന്നു.
അതേസമയം നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രത്തിനോട് രണ്ട് ഉപാധികള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സോനം വാങ്ചുക്ക് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് വ്യക്തമാക്കി.
ഉപാധികളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികളോട് തല്‍ക്കാലം സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ താന്‍ അഭ്യര്‍ത്ഥിക്കുമെന്നും സോനം വാങ്ചുക്കിന്റെ കത്തിലൂടെ പറഞ്ഞു. എസ്‌ക് പോസ്റ്റിലൂടെ അദ്ദേഹം കത്ത് പങ്കുവെച്ചിരുന്നു. ആവശ്യങ്ങള്‍ ഉയര്‍ത്തിയ കത്ത് കേന്ദ്ര മന്ത്രിമരായ ജെ പി നദ്ദയ്ക്കും ജിതേന്ദ്രസിങ്ങിനും സോനം വാങ്ചുക്ക് അയച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ തന്റെ ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കി വീഡിയോ സന്ദേശവുമായി സോനം വാങ്ചുക്ക് രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം. പൊലീസ് പ്രതികാര നടപടി അവസാനിപ്പിക്കണം. ഉറപ്പ് ലഭിച്ചാലേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി.
സിജെപിയുടെ നേതൃത്വത്തില്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി പറയുന്നത്. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധത്തില്‍ ഇന്‍ഡ്യ സഖ്യവും പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്തുണ്ട്.
Content Highlights: The CJP has urged Sonam Wangchuk to end his hunger strike