

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധനയില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.38 ശതമാനമായി ഉയര്‍ന്നു. ദുര്‍ബലമായ മണ്‍സൂണിനെച്ചൊല്ലിയ ആശങ്കകളും പണപ്പെരുപ്പത്തില്‍ കലാശിച്ചു. ഇതോടെ 17 മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 4 ശതമാനം ഇടക്കാല പണപ്പെരുപ്പ ലക്ഷ്യം മറികടന്നു.
തിങ്കളാഴ്ച മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മേയില്‍ 3.93 ശതമാനമായിരുന്ന റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.38 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വിദഗ്ധര്‍ ശരാശരി 4.3 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷം പുതുക്കിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാന വര്‍ഷവും ഉപഭോഗ മാതൃകയും നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഭക്ഷ്യവിലയില്‍ വീണ്ടും കുതിപ്പ്
ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 5.32 ശതമാനമായി. മേയിലിത് 4.78 ശതമാനമായിരുന്നു. ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം 5.45 ശതമാനവും നഗര ഭക്ഷ്യ പണപ്പെരുപ്പം 5.09 ശതമാനവുമായിരുന്നു. ഉരുളക്കിഴങ്ങിന്റെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 20.34 ശതമാനം കുറഞ്ഞപ്പോള്‍, തക്കാളി വില 31.92 ശതമാനം ഇടിഞ്ഞു. എങ്കിലും മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് മൊത്തം ഭക്ഷ്യ പണപ്പെരുപ്പം ഉയരാന്‍ കാരണമായത്.
മേയ് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ നാല് തവണ ഇന്ധനവില വര്‍ധിപ്പിച്ചതിന്റെ പ്രതിഫലനമായി, ജൂണില്‍ ഗതാഗത മേഖലയിലെ പണപ്പെരുപ്പം 4.31 ശതമാനമായി ഉയര്‍ന്നു. ചരക്ക് ഗതാഗത സേവനങ്ങളിലെ പണപ്പെരുപ്പം 7.70 ശതമാനമായിരുന്നു. ദുര്‍ബലമായ മണ്‍സൂണും എല്‍ നിനോ സാധ്യതയും വരും മാസങ്ങളില്‍ കാര്‍ഷിക ഉല്‍പാദനത്തെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതുമൂലം ഭക്ഷ്യവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ആഗോള ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കാനും രൂപയുടെ മൂല്യം കുറയ്ക്കാനും ഇറക്കുമതി പണപ്പെരുപ്പം വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
2026 ഏപ്രില്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 4 ശതമാനം റീട്ടെയില്‍ പണപ്പെരുപ്പം നിലനിര്‍ത്തുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. എന്നാല്‍ 2 മുതല്‍ 6 ശതമാനം വരെയുള്ള പരിധിക്കുള്ളിലാണ് അനുവദിച്ചിരിക്കുന്നത്.
Content Highlights: India's retail inflation climbed to 4.38% in June, crossing the RBI's 4% target for the first time in 17 months as food and fuel prices, weak monsoon concerns, and geopolitical tensions pushed up consumer prices