

E20 പെട്രോളാണ് രാജ്യമെങ്ങും ചർച്ചാവിഷയം. വാഹനങ്ങളുടെ മൈലേജ്, സാമഗ്രികൾക്ക് കേടുപാടുകൾ തുടങ്ങി നിരവധി പരാതികളാണ് E20 പെട്രോൾ അടിച്ചവരിൽ നിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ ഒരു പ്രശസ്ത വ്ലോഗറും E20 പെട്രോളിനെതിരെ രംഗത്തുവന്നിരുന്നു. തന്റെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞു എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് മറുപടിയുമായി വാഹന നിർമാതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സൗരവ് ജോഷി എന്ന പ്രശസ്ത വ്‌ളോഗറാണ് E20 പെട്രോൾ അടിച്ച ശേഷം വാഹനത്തിന്റെ മൈലേജ് കുറഞ്ഞുവെന്ന് പറഞ്ഞത്. ബെൻസ് ആണ് സൗരവ് ജോഷിയുടെ വാഹനം. E20 അടിച്ച ശേഷം 17 കിലോമീറ്റർ വരെ ഉണ്ടായിരുന്ന വാഹനത്തിന്റെ മൈലേജ് ഒറ്റയടിക്ക് 5 ആയി ചുരുങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്. വെറും 48 മണിക്കൂറിനുള്ളിലാണ് ഇങ്ങനെ മൈലേജ് താഴ്ന്നത് എന്നും അദ്ദേഹം പറഞ്ഞു. എഥനോൾ മൂലം സംഭവിക്കുന്നത് ഇതാണെന്നും ഫുൾ ടാങ്ക് അടിച്ചാൽ 800 കിലോമീറ്റർ വരെ ഓടിയിരുന്ന വണ്ടി ഇപ്പോൾ ഓടുന്നത് 480 കിലോമീറ്റർ മാത്രമാണെന്നും സൗരവ് പറഞ്ഞിരുന്നു.
വീഡിയോ വൻ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ബെൻസ് കമ്പനി തന്നെ രംഗത്തെത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിശദീകരണത്തിൽ ബെൻസ് വാഹനങ്ങളിൽ E20 ഇന്ധനം ഉപയോഗിച്ചാൽ കുഴപ്പങ്ങൾ ഉണ്ടാകില്ലെന്നാണ് കമ്പനി പറഞ്ഞത്. വിദഗ്ധർ കൃത്യമായി ഇത് വിശകലനം ചെയ്തതാണ് എന്നും കമ്പനി പറഞ്ഞു.
അതേസമയം, E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സമ്മതിക്കുന്നുണ്ട്. എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവായതിനാല്‍ ഇന്ധനത്തിലെ എഥനോളിന്റെ അളവ് കൂടുമ്പോള്‍ വാഹനങ്ങളുടെ ശരാശരി മൈലേജിനെ ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, മിക്ക സാഹചര്യങ്ങളിലും വളരെ ചെറിയ വ്യത്യാസമായിരിക്കും വരികയെന്നും ഗഡ്കരി ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന E20 ഇന്ധനം ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്ന പ്രചാരണം അതിരുകടന്നതാണെന്നും, അത് ആസൂത്രിതമായ തെറ്റായ പ്രചാരണം ആണെന്നും ഗഡ്കരി ആരോപിച്ചു.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 ഇന്ധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ്, പൂനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) നടത്തിയ വിവിധ പരിശോധനകളിലും വാഹന നിര്‍മാതാക്കളുടെ പരിശോധനകളിലും അനുമതി ലഭിച്ചതിന് ശേഷമാണ് അത് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പഴയ മോഡല്‍ വാഹനങ്ങളിലെ ചില ചെറിയ ഭാഗങ്ങള്‍ക്ക് നേരിയ സ്വാധീനം ഉണ്ടായേക്കാമെങ്കിലും, സര്‍വീസിനിടെ അവ മാറ്റിസ്ഥാപിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വാഹനത്തിന്റെ മൈലേജ് ഇന്ധനത്തെ മാത്രം ആശ്രയിച്ചല്ല, വാഹനം ഓടുന്നതിന്റെ സാഹചര്യങ്ങളെയും ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ നിരന്തരം ബ്രേക്ക് ചെയ്യുകയും താഴ്ന്ന ഗിയറുകളില്‍ വാഹനം ഓടിക്കുകയും ചെയ്യുന്നതിനാല്‍ മൈലേജ് സ്വാഭാവികമായും കുറയും. അതേസമയം, ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിനുകള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ മൈലേജ് കാര്യക്ഷമതയ്ക്ക് പ്രശ്‌നമില്ലെന്ന് ARAI റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mercedes Benz had come forward with a reply to vlogger sourav joshi. He had earlier claimed that his benz card mileage had dropped to a substantial level beacuse of e20 petrol