'കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നുനിൽക്കാറ്'; വിശദീകരണവുമായി ജലീൽ

'ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. എന്നാൽ കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല'

'കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നുനിൽക്കാറ്'; വിശദീകരണവുമായി ജലീൽ
dot image

മലപ്പുറം: കുട്ടികളെ പൊതുവേദിയില്‍വെച്ച് അപമാനിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ തന്നിലെ അധ്യാപകനാണ് ഉയര്‍ന്നുനില്‍ക്കാറെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കുന്നത്. അതാണ് മണ്ണാര്‍ക്കാട്ടും നടന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ ചെവിയിൽ പിടിച്ചു എന്ന വിമര്‍ശനത്തിലും ജലീല്‍ പ്രതികരിച്ചു. ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയും ചിരിക്കുകയായിരുന്നു. കുട്ടിയുടെ മുഖം ബ്ലര്‍ ആക്കിയതുകൊണ്ട് അത് കാണുന്നില്ല എന്നുമാത്രമാണ്. താന്‍ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അത് തന്റെ രീതിയല്ലെന്നും ജലീല്‍ വിശദീകരിച്ചു.

പന്ത്രണ്ടര വര്‍ഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചയാളാണ് താന്‍. 2006ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. വിദ്യാര്‍ത്ഥികളെ തൻ്റെ കഴിവിന്റെ പരമാവധി അവര്‍ക്ക് മനസിലാകും വിധം പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നന്മയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല. എന്തെങ്കിലും തെറ്റ് പറഞ്ഞാല്‍ തമാശക്ക് ചിരിച്ച് ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. മറിച്ച് അനുഭവം ഉണ്ടായിട്ടുള്ള വിദ്യാര്‍ത്ഥികൾക്ക് അക്കാര്യം കമന്റായി നല്‍കാമെന്നും ജലീല്‍ പറഞ്ഞു.

മണ്ണാര്‍ക്കാട്ടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ എംഎസ്എഫിനെതിരെയും കെ ടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചു. കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് നല്‍കലാണ് മുതിര്‍ന്നവരുടെ, പ്രത്യേകിച്ച് അധ്യാപകരുടെ ചുമതല. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും 'മയ, കുയി, പുയ, പുയു, മയു' എന്നൊക്കെയാകും പറയുകയെന്ന് ജലീല്‍ പറഞ്ഞു. ഇതൊന്നും മനസിലാകാത്തവരല്ല എംഎസ്എഫുകാര്‍. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീല്‍ പറഞ്ഞു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്‌കാരം എന്ന് പറഞ്ഞാണ് ജലീല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നുള്ളും പൊള്ളും പിന്നെ മയയും കുയിയും!

മണ്ണാര്‍ക്കാട്ട് ഇന്നലെ നടന്ന എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങള്‍ ചോദിച്ചും വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണര്‍ത്തിയുമാണ് ഞാന്‍ ഉദ്ഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവന്‍ പേര്‍ക്കും മെമെന്റൊ നല്‍കിയ ശേഷമാണ് വേദി വിട്ടത്.

അതുമായി ബന്ധപ്പെട്ട് 'മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍' (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വര്‍ഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചയാളാണ് ഈയുള്ളവന്‍. 2006-ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എന്റെ വിദ്യാര്‍ത്ഥികളെ കഴിവിന്റെ പരമാവധി അവര്‍ക്കു മനസ്സിലാകും വിധം ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വര്‍ത്തിച്ചത്. സത്യത്തില്‍ അവര്‍ക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവര്‍ അനുജ സ്‌നേഹിതന്‍മാരും. കുട്ടികളുടെ നന്‍മയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ തമാശക്ക് ചിരിച്ച് ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാന്‍ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ കമന്റായി അവര്‍ക്കത് ഈ പോസ്റ്റിന് ചുവട്ടില്‍ എഴുതാം. എന്റെ വിദ്യാര്‍ത്ഥികളില്‍ ധാരാളം ങടഎകാരും ഉണ്ടായിരുന്നു. അവരില്‍ പലരും രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ പലമേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവര്‍ക്കും ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കമന്റിടാം.

ഇനി മണ്ണാര്‍ക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എന്റേത്. വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാര്‍ക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ എന്നിലെ അദ്ധ്യാപകനാണ് ഉയര്‍ന്നുനില്‍ക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാര്‍ക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂര്‍ണ്ണമായും കണ്ടാല്‍ അത് ബോദ്ധ്യമാകും.

ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. അപ്പോള്‍ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറര്‍ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാന്‍ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാല്‍ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും അതു പരിഗണിക്കും.

കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിര്‍ന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSFകാര്‍. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ ങടഎ മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്‌കാരം.

അതേസമയം മണ്ണാര്‍ക്കാട്ടെ അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ജലീല്‍ ചോദിക്കുകയായിരുന്നു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയില്‍ ജലീല്‍ നുള്ളുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തുകയായിരുന്നു.

Content Highlights- K T Jaleel said that when he sees children, his identity as a teacher often comes forward more than his role as a public worker

dot image
To advertise here,contact us
dot image