

കരിയറിനെ സംബന്ധിച്ചുള്ള ഒരു മണ്ടൻ തീരുമാനമെടുക്കുക എന്നുപറയുന്നത് ഒരാളെ സംബന്ധിച്ച് തീർത്തും ദുരിതപൂർണമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് കോമ്പറ്റിഷൻ ഏറെയുള്ള, പണപ്പെരുപ്പം പോലുള്ള ജീവിതപ്രതിസന്ധികൾ ഏറെയുള്ള ഈ കാലത്ത് അത്തരം തീരുമാനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവരും. അങ്ങനെയൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. 2 കോടി ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ച് കണ്ടന്റ് ക്രിയേഷന് ഇറങ്ങിപ്പുറപ്പെടുകയും എന്നാൽ പാളുകയും ചെയ്ത ഒരു യുവാവ് അയാളുടെ കഥ പറയുകയാണ്.
ക്രിസ്റ്റ്യൻ ഹാംസ് എന്ന യുവാവാണ് തന്റെ പാളിപ്പോയ തീരുമാനങ്ങളെക്കുറിച്ച് വിശദീകരിച്ച് രംഗത്തുവന്നിട്ടുള്ളത്. മൈക്രോസോഫ്റ്റിൽ 2 കോടി വാർഷിക ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാംസ്. എന്നാൽ 26 -ാം വയസിൽ അദ്ദേഹം കണ്ടന്റ് ക്രിയേഷനും ബിസിനസുമാണ് തന്റെ പാഷൻ എന്ന് തിരിച്ചറിഞ്ഞ് ജോലി രാജിവെച്ചിറങ്ങി. എന്നാൽ കാര്യങ്ങളെല്ലാം വേണ്ട വിധം ശരിയായതുമില്ല.
തന്റെ തീരുമാനങ്ങളെ മ്യൂസിയം ഓഫ് ഫെയിലിയേഴ്‌സ് എന്നാണ് ഹാംസ് വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ജോലി രാജിവെക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. ശമ്പളം, സ്ഥിരത എല്ലാം സ്വപ്നതുല്യമായിരുന്നു. എന്നാൽ കോർപ്പറേറ്റ് ജീവിതവും അത്ര സുഖമുള്ളതൊന്നുമല്ല. താൻ ഇപ്പോൾ ചെയ്യുന്നത് തന്നെ സംബന്ധിച്ച് ശരിയാണ് എന്നറിയാം. എന്നാൽ ചില ദിവസങ്ങളിൽ തന്നെ കുറ്റബോധം വേട്ടയാടാറുണ്ട് എന്നും ഹാംസ് പറയുന്നു.
ഓസ്‌ട്രേലിയയിലേക്കാണ് ഹാംസ് മാറിത്താമസിച്ചത്. പുതിയ ഒരു കാരിയാറിനായി 5 മാസമാണ് അദ്ദേഹം ചിലവഴിച്ചത്. എന്നാൽ ഒടുക്കം തിരിച്ചുപോകാൻ ഒരുങ്ങുന്നതിന് ഒരാഴ്ച മുൻപ് മാത്രമാണ് തനിക്ക് പുതിയ ജോലിയിൽ നിന്ന് ആദ്യത്തെ വരുമാനം ലഭിക്കുന്നത്. ഇടയ്ക്കിടെ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം ഡെഡ്‌ലൈനുകളും സമ്മർദ്ദവും വരുമ്പോൾ മാത്രമാണ് താൻ തീരുമാനങ്ങൾ എടുത്തിരുന്നത് എന്നും ഹാംസ് പറയുന്നു.
Content Highlights: Former Microsoft employee Christian Hams reveals why he quit a Rs 2 crore salary job at 26 to pursue content creation and business, and the challenges he faced.