

ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ ചലനങ്ങളുണ്ടായിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കാര്യമായി ഉയര്‍ന്നിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 2021 നവംബറിലും 2022 മെയ് മാസത്തിലും വീണ്ടും അടുത്തകാലത്തും കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതായി മന്ത്രി പറഞ്ഞു. ഇതോടെ പെട്രോള്‍, ഡീസല്‍ ഓരോ ലിറ്ററിനും ഏകദേശം 10 രൂപ വീതം സര്‍ക്കാര്‍ വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രൂഡ് വില കുറയുന്നത് സംബന്ധിച്ച് ആഭ്യന്തര ഇന്ധനവില കുറയുമോ എന്ന ചോദ്യത്തിന് മറുപടിയായി, 193 രാജ്യങ്ങളില്‍ ജപ്പാന്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ കുറഞ്ഞ വില വര്‍ധന രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വില വര്‍ധന നിയന്ത്രണത്തില്‍
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച 2022 മുതല്‍ വിലകള്‍ പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൊത്തം വര്‍ധന ഏകദേശം 7.60 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം മൂലം എണ്ണ കമ്പനികള്‍ക്ക് ദിവസേന ഏകദേശം 1,000 കോടി രൂപ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും, ഈ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില കുറയുമോ?
കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയില്‍ സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നതിനാല്‍ ഉടന്‍ വില കുറയാന്‍ സാധ്യത കുറവാണ്. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് റിഫൈനറികളില്‍ എത്തുമ്പോള്‍ ഇന്ധനവില കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ധനവില കുറയുന്നതിനെ സംബന്ധിച്ച് വിചിത്ര വാദം ഉന്നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റോഡുകളുടെ വികസനം പൂര്‍ത്തിയാകുമ്പോള്‍ എത്തേണ്ട സ്ഥലങ്ങളില്‍ പകുതി സമയത്തിനുള്ളില്‍ എത്തുമെന്നും അത് പെട്രോള്‍ വില കുറയുന്നതിന് സമാനമായ ഒരു പ്രതീതി സൃഷ്ടിക്കും എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സാമ്പത്തിക ശാസ്ത്രവും-ഗണിതവും അറിയാവുന്ന ആരും ഈ ആശയത്തെ വിമര്‍ശിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തര്‍ക്കങ്ങളും വിമര്‍ശനങ്ങളും നടക്കുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഏതാണ്ട് 9 മുതല്‍ 10 മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ എടുക്കുന്നത്. റോഡുപണി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നിന്ന് പൊന്നാനി വഴി വന്നാലും ദേശീയപാത 47 വഴി വന്നാലും പകുതി സമയത്തിനുള്ളില്‍ എത്തും. ഇത് പെട്രോള്‍ വില കുറയുന്നതിന് സമാനമാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Content Highlights: Union Minister Hardeep Singh Puri said petrol and diesel prices in India have remained largely stable despite global crude oil volatility, attributing it to excise duty cuts and government measures, while highlighting India’s strong economic growth and development progress