

രാജ്യാന്തര വിപണിയിലെ സ്വർണവില പ്രവചനം വെട്ടിക്കുറച്ച് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സ് (Goldman Sachs). അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (US Fed) ഈ വർഷം പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകളെത്തുടർന്നാണ് ഗോൾഡ്മാൻ സാക്സ് ഇത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്. ഔൺസിന് ഡോളറിന് 5,400 ഡോളർ വരെ എത്തിയേക്കാമെന്നായിരുന്നു ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. അതാണ് ഇപ്പോള്‍ 500 ഡോളർ കുറച്ച് 4,900 ഡോളറാക്കി ബാങ്ക് പരിഷ്‌കരിച്ചത്.
ഈ വർഷം ജനുവരിയിലെ റെക്കോർഡ് നിരക്കായ ഔൺസിന് 5,600 ഡോളറിൽ നിന്നും സ്വർണവില നിലവിൽ 27 ശതമാനത്തോളം ഇടിഞ്ഞ് 4,100 ഡോളർ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. മാർച്ചും മെയ് മാസവും ഉൾപ്പെടെ തുടർച്ചയായ മൂന്ന് മാസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണം നഷ്ടം രേഖപ്പെടുത്തി.
യുഎസ് ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി ചുമതലയേറ്റ കെവിൻ വാർഷിന്റെ കടുത്ത നിലപാടുകളാണ് വിപണിയെ സ്വാധീനിച്ചത്. വിലക്കയറ്റം തടയാൻ പലിശനിരക്ക് ഉയർത്തുമെന്ന സൂചന അദ്ദേഹം നൽകിക്കഴിഞ്ഞു. പലിശനിരക്കുകൾ ഉയർന്നാൽ നിക്ഷേപകർ സ്വർണം വിറ്റ് കൂടുതൽ ലാഭം തരുന്ന ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് സ്വർണത്തോടുള്ള താല്പര്യം കുറയ്ക്കും. ഡിസംബറിൽ പലിശനിരക്ക് കൂടാൻ 87% സാധ്യതയാണ് വ്യാപാരികൾ കാണുന്നത്.
പലിശനിരക്ക് വീണ്ടും കൂട്ടുകയാണെങ്കിൽ വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 4,400 ഡോളർ വരെയായി ഇടിയാമെന്നും ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത് പോലെ വില ഇനിയും താഴോട്ട് പോവുകയാണെങ്കിൽ കേരളത്തിലും വിലയിൽ വലിയ ഇടിവുണ്ടാകും.
പ്രവചനം പോലെ ഔണ്‍സിന് 4,900 ഡോളർ എന്ന നിലയിലേക്ക് എത്തിയാല്‍ നിലവിലെ നിരക്കിൽ നിന്ന് വലിയ ഇടിവ് പെട്ടെന്ന് ഉണ്ടായില്ലെങ്കിലും വലിയ കുതിപ്പ് തടയപ്പെടും. വിപണി നേരിയ തോതിൽ ഉയർന്ന് നിന്നാലും മുൻപ് കരുതിയ അത്രയും വലിയൊരു റെക്കോർഡ് വിലക്കയറ്റം, അതായത് പവന് 1.25 ലക്ഷത്തിന് മുകളിലേക്ക് ഈ വർഷം വില പോയേക്കില്ല.
അമേരിക്ക വീണ്ടും പലിശനിരക്ക് ഉയർത്തുകയും അന്താരാഷ്ട്ര വില ഔൺസിന് 4,400 ഡോളറിനും താഴേക്ക് വരികയും ചെയ്താൽ കേരളത്തിൽ പവൻ വിലയിൽ വലിയ ഇടിവുണ്ടാകും. നിലവിലെ നിരക്കിൽ നിന്ന് പവന് 5,000 മുതൽ 8,000 രൂപ വരെ കുറയാൻ ഇത് കാരണമായേക്കാം. അതായത് പവൻ വില ഒരു ലക്ഷം രൂപയോ അതിന് താഴെയോ ഉള്ള നിലവാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.
ആഗോളതലത്തിൽ സ്വർണവില കുറയുമ്പോഴും കേന്ദ്ര ബാങ്കുകൾ (റിസർവ് ബാങ്ക് ഉൾപ്പെടെ) വൻതോതിൽ സ്വർണം വാങ്ങി കൂട്ടുന്നുണ്ട്. ഈ വർഷം പ്രതിമാസം 50 ടൺ സ്വർണമാണ് കേന്ദ്ര ബാങ്കുകൾ വാങ്ങുന്നത്. ഈ ഡിമാൻഡ് ഉള്ളതിനാൽ വില കുത്തനെ ഇടിഞ്ഞ് തകരാതെ ഒരു പരിധി വരെ താങ്ങി നിർത്തും.
Content Highlights: Goldman Sachs has said gold prices could decline further if the US adopts policy measures that strengthen the dollar and reduce safe-haven demand. However, the investment bank noted that the current correction does not necessarily alter the long-term outlook, with future price movements expected to depend on interest rates, geopolitical developments, and central bank buying.