

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കായുള്ള സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 9ല്‍ നിന്ന് 4 ആയി കുറച്ചതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എല്‍പിജി വില ഉയരുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പെട്രോളിയം മന്ത്രാലയത്തിന്റെ വിവരങ്ങള്‍ പ്രകാരം, ഒരു ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 1,600 രൂപയ്ക്ക് മുകളിലാണ്. പൊതുമേഖലാ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് ഓരോ സിലിണ്ടറിലും ഏകദേശം 700 രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. നിലവില്‍ ഉജ്ജ്വല ഉപഭോക്താക്കള്‍ക്ക് ആദ്യ നാല് സിലിണ്ടറുകള്‍ക്ക് ഓരോന്നിലും 300 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.
സാധാരണ ഉപഭോക്താക്കള്‍ക്കും ഉജ്ജ്വല ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ പരോക്ഷ സബ്‌സിഡി നല്‍കുന്നുണ്ട്. ഒരു സിലിണ്ടറിന്റെ യഥാര്‍ത്ഥ വില അഥവാ അന്താരാഷ്ട്ര തലത്തിലുള്ള വില ഏകദേശം 1,600 രൂപയായിരിക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് അത് ഏകദേശം 942 രൂപയ്ക്ക് ലഭിക്കുന്നു.
ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഇത് ഏകദേശം 642 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇത് യഥാര്‍ത്ഥ വിലയെ അപേക്ഷിച്ച് ഏകദേശം 60% വിലക്കുറവാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഗാര്‍ഹിക എല്‍പിജിയിലെ ആകെ നഷ്ടം 60,000 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 30,000 കോടി രൂപ എണ്ണ വിതരണ കമ്പനികള്‍ക്ക് നഷ്ടപരിഹാരമായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഡീസലില്‍ ലിറ്ററിന് 30 രൂപയും പെട്രോളില്‍ 6 രൂപയുമാണ് ഓയില്‍ കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകുന്നത്. ദിവസേന 600-700 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര എല്‍പിജി ബെഞ്ച്മാര്‍ക്ക് വിലയില്‍ ഏകദേശം 46% വര്‍ധന ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlights: The government has reduced subsidised LPG refills under the Pradhan Mantri Ujjwala Yojana from nine to four per year due to rising global LPG prices amid the West Asia crisis, while continuing to provide indirect subsidies to consumers