

അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ പ്രതിരോധ വകുപ്പ് (Pentagon) പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ യുദ്ധത്തിനായി ഏകദേശം 2500 കോടി ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടൊപ്പം 14 അമേരിക്കൻ സൈനികർ ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് വേണ്ടി അമേരിക്കൻ കോൺഗ്രസിലെ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി യോഗത്തിൽ ഹാജരായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. യുദ്ധത്തെ വിമർശിക്കുന്ന ഡെമോക്രാറ്റുകളെയും ചില റിപ്പബ്ലിക്കൻ അംഗങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇതോടെ യോഗം പലവട്ടം തർക്കഭരിതമായി മാറി.
ആയുധ ശേഖരം കുറയുന്നു
യുദ്ധത്തിന്റെ ലക്ഷ്യം എന്താണ്? എപ്പോൾ അവസാനിക്കും? എന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമർശനം. “ഈ യുദ്ധം എവിടേക്കാണ് പോകുന്നത്?” എന്ന ചോദ്യമാണ് പ്രതിപക്ഷം ശക്തമായി ഉയർത്തുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ് അമേരിക്കക്കാർ. ന്യൂയോർക്ക് പോലുള്ള നഗരങ്ങളിൽ നാലംഗങ്ങളുള്ള കുടുംബത്തിന് ജീവിതം മുന്നോട്ടു തള്ളി നീക്കാനാകാത്ത അവസ്ഥയാണിപ്പോൾ. സാധാരണക്കാരും യുദ്ധത്തിനെതിരെ തെരുവിലിറങ്ങുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് കാണാനാകും.
എന്നവസാനിക്കും യുദ്ധം?
മറ്റൊരു വശത്ത്, അമേരിക്കൻ സൈനിക മേധാവികൾ ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന് അവകാശപ്പെട്ടു. എങ്കിലും യുദ്ധം അവസാനിക്കാൻ എത്ര സമയം വേണ്ടിവരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിലും വ്യക്തതയില്ല. മധ്യസ്ഥ ചർച്ചകൾ വിലപ്പോകാത്ത ഈ വേളയിൽ എങ്ങനെയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കക്കാർക്കിടയിലെങ്കിലും മുഖം രക്ഷിക്കണമെന്ന് ട്രംപിന്റെ ആശയും ഫലവത്താകാതെ പോകുകയാണ്. ഇതിനിടയിൽ യുദ്ധം മൂലം അമേരിക്കയുടെ ആയുധ ശേഖരം കുറയുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒപ്പം മദ്ധ്യപൂർവ്വേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളെ ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. സർക്കാരിന്റെ നടപടികൾക്ക് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഈ യുദ്ധത്തിൽ അമേരിക്ക യഥാർത്ഥത്തിൽ വിജയിക്കുമോ, അതോ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുമോ? ട്രംപിന് യാഥാർഥ്യ ബോധം കൈവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
Content Highlight :
The US-Iran war has completed two months, with rising financial and political pressure. According to the Pentagon, the war has cost around $25 billion so far.