

ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സര്‍വിസുകള്‍ മെയ് അഞ്ചു മുതല്‍ പുനരാരംഭിക്കും. എല്ലാ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസ്. മസ്‌കറ്റില്‍ നിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന വിമാനം രാത്രി 7.10ന് കോഴിക്കോടെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിലേക്കുള്ള സര്‍വീസ്. രാവിലെ 8.25ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.45ന് കൊച്ചിയിലെത്തും.
കണ്ണൂര്‍, തിരുവനന്തപുരം സര്‍വീസുകള്‍ ഏപ്രില്‍ ആദ്യത്തില്‍ പുനരാരംഭിച്ചെങ്കിലും കോഴിക്കോട്, കൊച്ചി സര്‍വീസുകളുണ്ടായിരുന്നില്ല. ഒമാനില്‍ സ്‌കൂള്‍ അവധിക്കാലം കൂടി ആരംഭിക്കാനിരിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള മുഴുവന്‍ സര്‍വിസുകളും മസ്‌കറ്റില്‍ നിന്ന് പുനരാരംഭിക്കുന്നത് പ്രവാസികള്‍ക്ക് സഹായകരമാവും. അതേസമയം, സലാല സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെടുവിച്ചിട്ടില്ല.
Content Highlights: Air India Express is launching additional flights from Oman to Kerala, bringing relief to expatriate Malayalis with better travel options and connectivity.