മാർക്കോയ്ക്ക് മുകളിൽ നിൽക്കുമോ?, ക്വിന്റൽ ഇടിയുമായി പെപ്പെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കാട്ടാളൻ

ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ

മാർക്കോയ്ക്ക് മുകളിൽ നിൽക്കുമോ?, ക്വിന്റൽ ഇടിയുമായി പെപ്പെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കാട്ടാളൻ
dot image

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്ടാളൻ. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

മെയ് 28 ന് സിനിമ ആഗോള തലത്തിൽ പുറത്തിറങ്ങും. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് സൂചന.'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സുമായുള്ള രവി ബസ്രൂറിൻ്റെ സഹകരണം. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള തീം മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.

'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.

Content Highlights: Antony Varghese film Kattalan release date announced

dot image
To advertise here,contact us
dot image