

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാള സിനിമയുടെ മെഗാസ്റ്റാറുകള്‍ക്കു പുറമെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെ സിനിമയിലെത്തുന്നുണ്ടെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ള ഇന്റര്‍വ്യൂവിലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ ടീമും പങ്കെടുത്ത അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
'ഞാനൊക്കെ സിനിമയിലേക്ക് വരാനുള്ള പ്രധാന കാരണം മമ്മൂക്കയും ലാലേട്ടനുമൊക്കെയാണ്. എന്റെ തലമുറ മുതല്‍ നമ്മള്‍ കണ്ടു വളര്‍ന്ന രണ്ട് പ്രതിഭകളാണ് ഇവര് രണ്ടു പേരും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നു, പുതിയ രൂപങ്ങള്‍ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവര്‍ക്കും അദ്ദേഹം ഒരു പ്രചോദനമാണ്. ശരിക്കും നമ്മളൊക്കെ കണ്ടുപഠിക്കേണ്ട പാഠപുസ്തകങ്ങളാണ് മമ്മൂക്കയൊക്കെ'- ഇതായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകള്‍.

ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയില്‍, 'നന്ദി.. നന്ദി ഇതൊക്കെ ഞാന്‍ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്'- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യല്‍ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റില്‍ നയന്‍താര, രേവതി തുടങ്ങി വന്‍ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്.
Content Highlights: Mammootty and Kunchacko Boban Patriot movie promotion intreview goes to viral. Kunchacko Boban Mammootty as an inspiration for generations. Mammootty replies with a funny note.