

തിരുവനന്തപുരം: കേരള സംസ്ഥാന കളള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം സുരേന്ദ്രന്‍ അന്തരിച്ചു. 1968-ല്‍ കായംകുളം കായല്‍ ഫാമിംഗ് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശേഷം നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. സിപിഐഎമ്മിന്റെ ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സംസ്ഥാന കളള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന സുരേന്ദ്രന്‍ മുതുകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനം മുതല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുടികിടപ്പ് അവകാശത്തിന് വേണ്ടിയുളള കളളിക്കാട് സമരവുമായി ബന്ധപ്പെട്ട വെടിവെപ്പ് കേസിലും കനകക്കുന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും മുതുകുളം തീവെപ്പ് കേസിലും പ്രതിയായി നിരവധി കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് മിസ്സ തടവുകാരനായി ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട് എം സുരേന്ദ്രന്. ചുമട്ടുതൊഴിലാളികളുടെയും ചെത്ത് തൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് എം സുരേന്ദ്രന്‍.
എം സുരേന്ദ്രന്റെ നിര്യാണത്തില്‍ ടി പി രാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി സജി ചെറിയാനും എം സുരേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായും പ്രവര്‍ത്തിച്ച എം സുരേന്ദ്രനുമായി തനിക്ക് സഹോദര തുല്യമായ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. എം സുരേന്ദ്രന്റെ വിയോഗം ആലപ്പുഴയിലെ പാര്‍ട്ടി പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും പ്രിയ സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala State Toddy tapping is workers Federation General Secretary M Surendran passes away