

2025-26 സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ഉല്‍പാദനം രേഖപ്പെടുത്തി. ആകെ 23.4 ലക്ഷം യൂണിറ്റുകളാണ് കമ്പനി നിര്‍മിച്ചത്. ഇന്ത്യയിലെ ഒരു പാസഞ്ചര്‍ വാഹന നിര്‍മാതാവ് കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉല്‍പാദന നിരക്കാണിത്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള ശൃംഖലയില്‍ ഇത്രയധികം വാഹനങ്ങള്‍ നിര്‍മിക്കുന്ന ഏക പ്ലാന്റായി മാരുതി സുസുക്കിയുടെ ഇന്ത്യന്‍ യൂണിറ്റ് മാറുകയും ചെയ്തു.
കമ്പനിയുടെ അഞ്ച് ജനപ്രിയ മോഡലുകള്‍ ഈ റെക്കോഡ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മാരുതി സുസുക്കി ഡിസയര്‍, ഫ്രോങ്ക്‌സ്, സ്വിഫ്റ്റ്, എര്‍ട്ടിഗ, ബലേനോ എന്നീ അഞ്ച് മോഡലുകള്‍ ഓരോന്നും കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വീതം ഉല്‍പാദിപ്പിക്കപ്പെട്ടു. കമ്പനിയുടെ ഹാച്ച്ബാക്ക്, സെഡാന്‍, എസ്യുവി വിഭാഗങ്ങളിലുള്ള ശക്തമായ ഡിമാന്‍ഡാണ് ഇത് കാണിക്കുന്നത്.
നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍, ഖാര്‍ഖോദ എന്നിവിടങ്ങളിലും ഗുജറാത്തിലെ ഹന്‍സല്‍പുരിലുമായി മാരുതിക്ക് നാല് പ്ലാന്റുകളുണ്ട്. ഇവയുടെ ആകെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 24 ലക്ഷം യൂണിറ്റാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് പ്രതിവര്‍ഷം 40 ലക്ഷം യൂണിറ്റുകള്‍ എന്ന ഉല്‍പാദന ശേഷിയിലേക്ക് ഉയരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഗുജറാത്തിലെ സാനന്ദിലുള്ള ഖോരാജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അഞ്ചാമത്തെ പ്ലാന്റിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പുതിയ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റുകള്‍ കൂടി അധികമായി നിര്‍മിക്കാന്‍ സാധിക്കും.
ഇന്ത്യയെ സുസുക്കിയുടെ ആഗോള കയറ്റുമതി ഹബ്ബായി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 17 മോഡലുകളിലായി 650ലധികം വകഭേദങ്ങള്‍ മാരുതി സുസുക്കി ആഭ്യന്തര, വിദേശ വിപണികള്‍ക്കായി നിര്‍മിക്കുന്നുണ്ട്. കയറ്റുമതി രംഗത്തും കഴിഞ്ഞ വര്‍ഷം കമ്പനി റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
Content Highlights: Maruti Suzuki hits record 23.4 lakh units, plans 40 lakh capacity expansion